വെള്ളിത്തിരയില്‍ മഹാവിസ്മയം; അവതാര്‍ 7000 കോടി പിന്നിട്ടു!

അവതാര്‍: ദി വേ ഓഫ് വാട്ടര്‍ – ലോകമെമ്പാടുമുള്ള ചലച്ചിത്രാസ്വാദകരുടെ മനസുകീഴടക്കി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതുപോലെ ബോക്‌സ് ഓഫിസ് കളക്ഷന്‍ റെക്കോര്‍ഡുകളും തര്‍ക്കാനൊരുങ്ങുകയാണ് വെള്ളിത്തിരയില്‍ മഹാവിസ്മയം തീര്‍ക്കുന്ന ജയിംസ് കാമറൂണ്‍ ചിത്രം. ഇതുവരെ ബോക്‌സ് ഓഫിസ് കളക്ഷന്‍ 7000 കോടി പിന്നിട്ടിരിക്കുകയാണ്.

ഡിസംബര്‍ 16നാണ് ഇന്ത്യയില്‍ അവതാര്‍: ദി വേ ഓഫ് വാട്ടര്‍ – പ്രദര്‍ശനത്തിനെത്തിയത്. യുഎസിലും അന്നു തന്നെയാണ് ചിത്രം റിലീസായത്. ലണ്ടനില്‍ ഡിസംബര്‍ ആറിനാണ് ചിത്രം റിലീസ് ചെയ്തത്. ചലച്ചിത്രപ്രേമികള്‍ മാത്രമല്ല, സിനിമാരംഗത്തു പ്രവര്‍ത്തിക്കുന്നവരും ആവേശത്തോടെയാണ് അവതാര്‍: ദി വേ ഓഫ് വാട്ടര്‍ – എന്ന ചിത്രത്തെ സ്വീകരിച്ചത്. കേരളത്തിലും ചിത്രം മികച്ച അഭിപ്രായത്തോടെ മുന്നേറുകയാണ്. 2009-ല്‍ പുറത്തിറങ്ങിയ അവതാറിന്റെ രണ്ടാംഭാഗമാണ് ഇപ്പോള്‍ റിലീസ് ചെയ്ത അവതാര്‍: ദി വേ ഓഫ് വാട്ടര്‍.

സാം വര്‍ത്തിംഗ്ടണ്‍, സിഗോര്‍ണി വീവര്‍, കെയ്റ്റ് വിന്‍സ്‌ലെറ്റ്, സോ സല്‍ദാന എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ജയിംസ് കാമറൂണും ജോണ്‍ ലാന്‍ഡൗവും ചേര്‍ന്നാണു ചിത്രം നിര്‍മിച്ചത്. ട്വന്റിയത്ത് സെഞ്ച്വറി സ്റ്റുഡിയോസ് ആണ് അവതാര്‍: ദി വേ ഓഫ് വാട്ടര്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ജയിംസ് കാമറൂണ്‍, റിക്ക് ജാഫ, അമാന്‍ഡ സില്‍വര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *