ലളിത് മോദിക്ക് തിരിച്ചടി; വാനവാട്ടു പാസ്പോർട്ട് റദ്ദാക്കാൻ‌ നിർദേശം

ഐപിഎൽ സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയനായി ലണ്ടനിലേക്കു കടന്ന ലളിത് മോദിയുടെ പാസ്‌പോർട്ട് റദ്ദാക്കാൻ‌ വാനുവാട്ടു പ്രധാനമന്ത്രി ജോതം നപത് പൗരത്വ കമ്മിഷനു നിർദേശം നൽകി. കുറ്റവാളികളെ കൈമാറ്റം ചെയ്യുന്നതിൽ രാജ്യങ്ങൾ തമ്മിലുള്ള ധാരണയിൽനിന്നു രക്ഷപ്പെടുന്നതിനായി പൗരത്വം നൽകാൻ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടിയാണു പാസ്പോർട്ട് റദ്ദാക്കിയത്. ദക്ഷിണ പസഫിക്കിൽ സ്ഥിതി ചെയ്യുന്ന 83 ദ്വീപുകൾ ചേർന്ന ചെറുരാഷ്ട്രമാണ് വാനുവാട്ടു. ‘രാജ്യാന്തര മാധ്യമങ്ങളിൽ അടുത്തിടെ പുറത്തുവന്ന വെളിപ്പെടുത്തലുകളെത്തുടർന്ന് ലളിത് മോദിക്കു നൽകിയ വാനവാട്ടു പാസ്‌പോർട്ട് റദ്ദാക്കാൻ ഞാൻ പൗരത്വ കമ്മിഷനോടു നിർദ്ദേശിച്ചിട്ടുണ്ട്’’ – ഔദ്യോഗിക പ്രസ്താവനയിലൂടെ വാനവാട്ടു പ്രധാനമന്ത്രി അറിയിച്ചു.

‘‘ലളിത് മോദിയുടെ അപേക്ഷ പരിഗണിക്കുന്നതിനു മുൻപ് നടത്തിയ ഇന്റർപോൾ സ്‌ക്രീനിങ്ങുകളിലുൾപ്പെടെ അദ്ദേഹത്തിനു ക്രിമിനൽ പശ്ചാത്തലം ഉള്ളതായി കണ്ടെത്താനായില്ല. ലളിതിനെതിരെ ജാഗ്രതാ നോട്ടിസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യൻ അധികാരികളുടെ അഭ്യർഥനകൾ മതിയായ തെളുവുകളില്ലെന്നു ചൂണ്ടിക്കാണിച്ച് ഇന്റർപോൾ രണ്ടുതവണ നിരസിച്ചതായി മനസ്സിലാക്കാൻ കഴിഞ്ഞു. വാനവാട്ടു പാസ്‌പോർട്ട് കൈവശം വയ്ക്കുക എന്നത് ഒരു അവകാശമല്ല. കുറ്റവാളികളുടെ കൈമാറ്റം ഒഴിവാക്കാൻ വേണ്ടി പാസ്പോർട്ട് നേടുകയാണ് ലളിത് മോദിയുടെ ലക്ഷ്യമെന്നാണ് ഇപ്പോൾ മനസ്സിലാക്കുന്നത്.’’ – പ്രധാനമന്ത്രി നപത് കൂട്ടിച്ചേർത്തു. ന്യൂസീലൻഡിലെ ഇന്ത്യയുടെ ഹൈക്കമ്മിഷണറായ നീത ഭൂഷണ്‍ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ലളിത് മോദിയുടെ വാനവാട്ടു പാസ്‌പോർട്ട് റദ്ദാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *