രാജസ്ഥാനിലെ ചോരാസി നിയമസഭാ മണ്ഡലത്തിൽ ഭാരത് ആദിവാസി പാർട്ടി (ബിഎപി) സ്ഥാനാർഥി രാജ്കുമാർ റോട്ട് വിജയിച്ചതായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഞായറാഴ്ച പ്രഖ്യാപിച്ചു. രാജസ്ഥാനിൽ നിന്നുള്ള ആദ്യ തെരഞ്ഞെടുപ്പ് ഫലമാണിത്. തെരഞ്ഞെടുപ്പു കമ്മീഷന്റെ കണക്കുപ്രകാരം 69,166 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് റോട്ട് വിജയിച്ചത്. 1,11,150 വോട്ടുകളാണ് അദ്ദേഹം നേടിയത്.
അതേസമയം, നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റമാണുണ്ടായത്. രാജസ്ഥാനും ഛത്തീസ്ഗഡും പിടിച്ചെടുത്ത ബിജെപി, മധ്യപ്രദേശ് നിലനിർത്തി. തെലങ്കാനയിൽ അധികാരം പിടിച്ചെടുക്കാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ലോക്സഭ പടിവാതിൽക്കൽ നിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും കരുത്തേകുന്നതാണ് ജനവിധി. ഛത്തീസ്ഗഡും മധ്യപ്രദേശും കൈവിട്ടത് കോൺഗ്രസിന് വെല്ലുവിളിയാണ്.