നടി രശ്മിക മന്ദാനയ്ക്കെതിരെ കർണാടക കോൺഗ്രസ് എംഎൽഎ രവികുമാർ ഗൗഡ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. നടിക്ക് അധികാരികൾ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കൊടവ വിഭാഗം രംഗത്തെത്തി. രശ്മികയെ ഒരു പാഠം പഠിപ്പിക്കണമെന്നാണ് രവികുമാർ ഗൗഡ പറഞ്ഞത്. കഴിഞ്ഞവർഷം നടന്ന കർണാടക അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കാൻ രശ്മിക എത്താതിരുന്നതുമായി ബന്ധപ്പെട്ട രവികുമാർ ഗൗഡയുടെ പ്രസ്താവനയാണ് വിവാദത്തിന് കാരണമായത്.
“കന്നഡ സിനിമയായ കിറിക് പാർട്ടിയിലൂടെയാണ് രശ്മി മന്ദാന സിനിമയിലെത്തിയത്. കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് അവരെ വിളിച്ചെങ്കിലും വന്നില്ല. ഹൈദരാബാദിൽ വീടുണ്ടെന്നും കർണാടക എവിടെയാണെന്നുപോലും അറിയില്ലെന്നുമാണ് അവർ പറഞ്ഞത്. ഞങ്ങളുടെ അംഗം അവരെ 10-12 തവണ നേരിൽക്കണ്ടെങ്കിലും വരില്ലെന്നുതന്നെയാണ് അവർ പറഞ്ഞത്. ഇവിടുത്തെ ഇൻഡസ്ട്രിയിൽ വളർന്നിട്ടും അവർ കന്നഡയെ അവഗണിച്ചു. നമ്മൾ അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതല്ലേ?” ഇതായിരുന്നു രവികുമാർ ഗൗഡയുടെ വാക്കുകൾ.
എംഎൽഎയുടെ ഈ വാക്കുകൾക്കെതിരെ കൊടവ വിഭാഗം രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. കൊടവ വിഭാഗത്തിൽപ്പെടുന്ന രശ്മികയ്ക്ക് അധികാരികൾ ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് കൊടവ നാഷണൽ കൗൺസിൽ പ്രസിഡന്റ് എൻ.യു.നാച്ചപ്പ ആവശ്യപ്പെട്ടു. അർപ്പണബോധവും കഴിവുംകൊണ്ട് ഇന്ത്യൻ സിനിമാ മേഖലയിൽ വിജയം കൈവരിച്ച കലാകാരിയാണ് രശ്മികയെന്നും അദ്ദേഹം പറഞ്ഞു. കലാപരമായ വിമർശനത്തിന്റെ അർത്ഥമറിയാത്ത ചിലർ രശ്മികയെ ലക്ഷ്യം വെയ്ക്കുകയാണെന്നും ഉപദ്രവിക്കുകയാണെന്നും നാച്ചപ്പ ആശങ്ക പ്രകടിപ്പിച്ചു. രശ്മികയ്ക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വറിനും കത്ത് നൽകിയിരിക്കുകയാണ് കൊടവ നാഷണൽ കൗൺസിൽ.