മക്കയിലെ ഹറമിലേക്ക് ഉംറ തീർത്ഥാടകരല്ലാത്തവരെ ബസുകളിൽ കൊണ്ടുപോകരുത്; മുന്നറിയിപ്പുമായി അധികൃതർ

 മക്കയിലെ ഹറമിലേക്ക് ഉംറ തീർത്ഥാടകരല്ലാത്തവരെ ബസുകളിൽ കൊണ്ടുപോകാൻ പാടില്ലെന്ന് അധികൃതർ. വൈകീട്ട് അഞ്ചര മുതൽ പുലർച്ചയുള്ള നമസ്‌കാരങ്ങൾ പൂർത്തിയാകുന്നത് വരെയാണ് നിയന്ത്രണം. റമദാൻ അവസാനിക്കുന്നത് വരെ നിയന്ത്രണം തുടരും.റമദാനിലെ അവസാന പത്തിലെ പുണ്യം തേടി ലക്ഷങ്ങളാണ് ഹറമിലെത്തുന്നത്.

മസ്ജിദുൽ ഹറമിൽനിന്ന് അകലെയുള്ള ഹോട്ടലുകൾ, താമസക്കാർക്ക് ഹറമിലേക്ക് ഷട്ടിൽ ബസ് സർവീസ് ഒരുക്കാറുണ്ട്. ഇത്തരത്തിലുള്ള സർവീസുകൾക്കും ഇത് ബാധകമാണ്. നിർദ്ദേശങ്ങൾ ഹോട്ടലുകളെ അറിയിക്കേണ്ട ഉത്തരവാദിത്തം ബസ് കമ്പനികൾക്കാണ്. നിർദേശങ്ങൾ പാലിക്കാതെ പിടിയിലാകുന്ന ബസ് കമ്പനികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് അതോറിറ്റി അറിയിച്ചു. റെയിൽവേ സ്റ്റേഷനുകളിൽ നിന്നും മക്കക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള ബസുകൾക്കും നിർദേശം ബാധകമാണ്.

മക്കയിലെ പള്ളികളിൽ നമസ്‌കരിക്കുന്നതും ഹറമിൽ നമസ്‌കരിക്കുന്നതിനും തുല്യമാണെന്ന് മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. റമദാനിലെ അവസാന പത്തിൽ നമസ്‌കാരങ്ങളിലും പ്രാർത്ഥനയിലും പങ്കെടുക്കാനായി ലക്ഷങ്ങളാണ് ഹറമിലേക്ക് എത്തുന്നത്. ഉംറ തീർത്ഥാടകർക്ക് കർമങ്ങൾ എളുപ്പമാക്കുന്നതിനാണ് പുതിയ നിയന്ത്രണം.

Leave a Reply

Your email address will not be published. Required fields are marked *