തിരുവനന്തപുരം കളക്ടറേറ്റില്‍ ബോംബ് ഭീഷണി; പരിശോധനയ്ക്കിടെ തേനീച്ചക്കൂട് ഇളകി: നിരവധിപേര്‍ക്ക് കുത്തേറ്റു

ജില്ലാ കളക്ടറേറ്റില്‍ ബോംബ് ഭീഷണി. ചൊവ്വാഴ്ച ഉച്ചയോടെ തിരുവനന്തപുരം ഡിസിപിക്ക് ഇ മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്.

തുടർന്ന് കളക്ടറേറ്റില്‍ നിന്നും മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചു. ഡോഗ് സ്ക്വാഡ് ഉള്‍പ്പടെയുള്ളവർ സ്ഥലത്തെത്തി. ഇതിനിടെ കളക്ടറേറ്റ് കെട്ടിടത്തിന് പിന്നിലെ തേനീച്ചക്കൂട് ഇളകി നിരവധി പേർക്ക് കുത്തേറ്റു.

ബോംബ് സ്ക്വാഡിന് കെട്ടിടത്തിന് പുറത്ത് പരിശോധന നടത്താൻ പോലും കഴിയാത്ത വിധത്തിലാണ് തേനീച്ച ആക്രമണം ഉണ്ടായത്.കളക്ടറേറ്റിന്റെ പിൻവശത്ത് നിരവധി തേനീച്ചക്കൂടുകളാണ് ഉള്ളത്. ഇവിടെ ഡോഗ് സ്ക്വാഡിന്റെ പരിശോധന നടക്കുന്നതിനിടെയാണ് തേനീച്ചക്കൂട് ഇളകിയത്. ബോംബ് ഭീഷണിയെത്തുടർന്ന് കെട്ടിടത്തില്‍ നിന്നും കളക്ടറടക്കമുള്ളവരെ മാറ്റുന്നതിനിടെയാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.

കളക്ടറേറ്റില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയിരുന്ന സാധാരണക്കാർക്കും കളക്ടർക്കും സബ്കളക്ടർക്കും പൊലീസുകാർക്കും മാദ്ധ്യമപ്രവർത്തകർക്കും തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കെഎസ്‌ആർടിസി ബസ് എത്തിയാണ് ഇവിടെയുണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. കുത്തേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *