ട്രംപ് സെലെൻസ്കിയെ ‘തല്ലാതെ’ സംയമനം പാലിച്ചു; യുക്രെയ്നെതിരെ കടുത്ത വിമർശനവുമായി റഷ്യ‌

 യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായുള്ള  ചർച്ച പരാജയപ്പെട്ടതിനു പിന്നാലെ യുക്രെയ്നെതിരെ കടുത്ത വിമർശനവുമായി റഷ്യ‌. കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കിയെ ‘തല്ലാതെ’ ട്രംപ് സംയമനം പാലിച്ചെന്നു റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖറോവ പറഞ്ഞു. ‘പാലു കൊടുത്ത കൈക്കു തന്നെ യുക്രെയ്ൻ കൊത്തി’യെന്നും സഖറോവ കൂട്ടിച്ചേർത്തു.

‘‘ആദ്യമായി, സെലെൻസ്കിയുടെ മുഖത്തു നോക്കി ട്രംപ് സത്യം പറഞ്ഞു. യുക്രെയ്ൻ ഭരണകൂടം മൂന്നാം ലോക മഹായുദ്ധം കളിക്കുകയാണ്. നന്ദിയില്ലാത്ത പന്നിക്ക് പന്നിക്കൂടിന്റെ ഉടമയിൽനിന്നുതന്നെ ശിക്ഷ കിട്ടി. അതു നന്നായി പക്ഷേ അത്രയും പോരാ.’’ – റഷ്യയുടെ സുരക്ഷാ കൗൺസിലിന്റെ ഡെപ്യൂട്ടി മേധാവി ദിമിത്രി മെദ്‌വദേവ് പറഞ്ഞു.

സംഘർഷത്തിന്റെ മറവിൽ അക്രമത്തിനു പ്രേരിപ്പിക്കുകയാണ് യുക്രെയ്നെന്ന് റഷ്യയുടെ ഏജൻസി ഫോർ ഇന്റർനാഷനൽ ഹ്യൂമാനിറ്റേറിയൻ കോ-ഓപ്പറേഷൻ മേധാവി യെവ്‌ജെനി പ്രിമാകോവ് ആരോപിച്ചു. റഷ്യയെ കുറ്റപ്പെടുത്തി സഹതാപം നേടാൻ, സാധാരണ പൗരന്മാരുടെ കൂട്ടക്കൊല പോലും അവർ ആസൂത്രണം ചെയ്തേക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ചർച്ച അലസിപ്പിരിഞ്ഞതിനു പിന്നാലെ, യുക്രെയ്നും യുഎസും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും യുക്രെയ്ന് യുഎസ് കൂടുതൽ പിന്തുണ നൽകണമെന്നും ആവശ്യപ്പെട്ട് സെലെൻസ്കി രംഗത്തുവന്നിരുന്നു. കാനഡയും യുക്രെയ്ന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജനാധിപത്യത്തിനുവേണ്ടിയുള്ള ചെറുത്തുനിൽപ്പാണ് യുക്രെയ്ന്റേതെന്ന് കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *