ജിദ്ദയിൽ ആരംഭിച്ച സീ-ടാക്‌സി ജിസാൻ വരെയും നിയോം വരെയും നീട്ടാനുള്ള പദ്ധതിയുമായി ട്രാൻസ്‌പോർട്ടേഷൻ അതോറിറ്റി. നിലവിൽ ജിദ്ദയിലെ ബലദിൽ നിന്ന് യോട്ട് ക്ലബ്ബിലേക്കും അബ്ഹൂർ സൗത്തിലേക്കുമാണ് യാത്ര ചെയ്യാനാവുക. കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും യാത്ര സൗജന്യമാണ്.
ജിദ്ദയുടെ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന സർവീസിന്റെ പരീക്ഷണയോട്ടം തുടരുകയാണ്. വ്യത്യസ്തമാണ് സീ ടാക്‌സിയിലെ അനുഭവം. ഒന്നര മണിക്കൂർ കാഴ്ചകൾ ആസ്വദിച്ച് കടലിൽ ചിലവഴിക്കാം, താഴെ ഇരിപ്പിടവും മുകളിലെ ഡെക്കിൽ നിന്ന് കാഴ്ച്ചകൾ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. കോഫി ആസ്വാദിക്കേണ്ടവർക്ക് കാബിനിൽ കഫ്തീരിയയും ഒരുക്കിയിട്ടുണ്ട്. മണിക്കൂറിൽ 45 കിലോമീറ്ററാണ് പരമാവധി വേഗത. യോട്ട് ക്ലബ്, ഹിസ്റ്റോറിക് ജിദ്ദ, ഒബ്ഹൂർ എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ.
റമദാന്റെ ഭാഗമായി അഞ്ചുമണിക്ക് യോട്ട് ക്ലബിൽ നിന്ന് പുറപ്പടുന്ന സർവീസ് ബലദിലെ ടെർമിനലിൽ എത്തും. ഇവിടെ ഇറങ്ങിയാൽ ജിദ്ദ പൈതൃക നഗരിയിൽ പോയി നോമ്പ് തുറക്കാവുന്ന തരത്തിലാണ് ഷെഡ്യൂൾ, ഇതിനായി പ്രത്യേക വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇഫ്താർ കഴിഞ് കാഴ്ചകൾ ആസ്വദിച്ച് തിരിച്ചുപോവാം.
50 റിയാലാണ് ടിക്കറ്റിന്റെ നിരക്ക്. സൈറ്റിൽ ഇമെയിൽ വഴിയോ മൊബൈൽ നമ്പർ വഴിയോ ലോഗിൻ ചെയ്താണ് ടിക്കറ്റ് ലഭിക്കുക. കൂടുതൽ യാത്രികരെ കൂടെ ചേർക്കാനും അവസരമുണ്ട്. കുട്ടികൾക്കും, ഭിന്നശേഷിക്കാർക്കും സൗജന്യമാണ് യാത്ര. 94 പേർക്ക് യാത്ര ചെയ്യുന്ന ഹദാർ, ബാലാഗിയ എന്നാണ് പേരുള്ള രണ്ട് ബോട്ടുകളാണ് നിലവിൽ സർവീസ് നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ ഷെഡ്യൂളുകൾ ഉൾപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.