പാലക്കാട് നഗരസഭയിലെ യു.ഡി.എഫ് ജനപ്രതിനിധികളെ തല്ലിയാൽ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാം എന്ന് ബി.ജെ.പി നേതാക്കൾ തെറ്റിദ്ധരിക്കേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. ഹെഡ്ഗേവാർ വിഷയത്തിൽ പാലക്കാട് നഗരസഭ കൗൺസിൽ ഹാളിൽ നടന്ന കൂട്ടത്തല്ലിനെ കുറിച്ച് ഫേസ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് നഗരസഭയിലെ യു.ഡി.എഫ് ജനപ്രതിനിധികളെ തല്ലിയാൽ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കാം എന്ന് ബി.ജെ.പി നേതാക്കൾ തെറ്റിദ്ധരിക്കേണ്ട. പാലക്കാടൻ ജനത പുറത്തുണ്ടെന്നും പാലക്കാട് നിങ്ങളെ പ്രധിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് വൈകുന്നേരം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാലക്കാട് എത്തുമെന്നും ജനകീയ പ്രതിരോധമെന്നും രാഹുൽ വ്യക്തമാക്കി.
നഗരസഭ സ്ഥാപിക്കുന്ന ഭിന്നശേഷി നൈപണ്യ കേന്ദ്രത്തിന് ആർ.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേരിടാൻ തീരുമാനിച്ചതിലുള്ള പ്രതിഷേധമാണ് കൈയാങ്കളിയിൽ കലാശിച്ചത്. നഗരസഭയിലെ യു.ഡി.എഫ് -ബി.ജെ.പി കൗൺസിലർമാർ തമ്മിലാണ് കൈയാങ്കളി. അതേസമയം, യു.ഡി.എഫ് കൗൺസിലർമാർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ജിന്ന സ്ട്രീറ്റിന്റെ പേരിൽ പ്രതിഷേധവുമായി ബി.ജെ.പി കൗൺസിലർമാരും രംഗത്തെത്തി. കളിക്കാര സ്ട്രീറ്റ് എന്ന സ്ട്രീറ്റിന്റെ പേര് ജിന്ന സ്ട്രീറ്റ് എന്ന് പേരിട്ടത് അംഗീകരിക്കാൻ കഴിയില്ല എന്നും ബി.ജെ.പി ചൂണ്ടിക്കാട്ടി.