കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് 3 പേർ കൊല്ലപ്പെട്ട സംഭവം: കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനം

കോഴിക്കോട് കൊയിലാണ്ടി കുറവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് 3 പേർ കൊല്ലപ്പെട്ട സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്താൻ തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആന എഴുന്നെള്ളിപ്പിനുള്ള 2012ലെ നാട്ടാന പരിപാലന ചട്ടം ഇവിടെ പാലിക്കപ്പെട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മാതൃകാപരമായ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകുമെന്നു വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. ആനയുടെ ഉടമസ്ഥർ, ക്ഷേത്രം ഭാരവാഹികൾ എന്നിവർക്കെതിരെയാണ് കേസെടുക്കുന്നത്. 

‘‘കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതോടൊപ്പം ഈ ക്ഷേത്രത്തിന് ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കാൻ നിർദേശം നൽകി. പൊലീസും നിയമനടപടി സ്വീകരിക്കുന്നുണ്ട്’’ – മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി. 

ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും ആനകളെ എഴുന്നള്ളിപ്പിക്കുന്ന ആചാരത്തിന് എതിരാണ് തങ്ങളെന്നു മന്ത്രി പറഞ്ഞു. ‘‘അതു നാട്ടിലെ ഉത്സവത്തിന്റെ ഭാഗമാണ്. സർക്കാർ അതിനോട് അനുകൂലവുമാണ്. എന്നാൽ അതിനുള്ള നിബന്ധനകൾ ലംഘിച്ചാൽ ആരാധനാലയങ്ങളാണെങ്കിലും അല്ലെങ്കിലും അത് ജനങ്ങൾക്ക് ദുരിതമായി മാറും.

അതിനാലാണ് ആ നിബന്ധനകൾ കർശനമായി നടപ്പാക്കുന്നത്. കോടതിയും ഇക്കാര്യത്തിൽ സമാനമായാണ് പറഞ്ഞിരിക്കുന്നത്. സോഷ്യൽ ഫോറസ്ട്രി നൽകിയ റിപ്പോർട്ടിൽ ആനയ്ക്ക് ഇടച്ചങ്ങല ഇട്ടിരുന്നില്ല എന്നു വ്യക്തമാക്കിയിട്ടുണ്ട്. ഇത് ക്ഷേത്രം ഭാരവാഹികളുടെയും ആന ഉടമസ്ഥരുടെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്.’’ – മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *