കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിൻ ദേവസ്വം കമ്മീഷണറും കൂടൽമാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ അംഗം വി ഗീത ആവശ്യപ്പെട്ടു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നടത്തിയ പരീക്ഷ ജയിച്ച് കഴകം തസ്തികയിൽ നിയമിതനായ പിന്നാക്ക സമുദായക്കാരനെ തന്ത്രിമാരുടെ പ്രതിഷേധത്തെ തുടർന്ന് ജോലിയിൽ നിന്നും മാറ്റി നിർത്തിയ സംഭവത്തിലാണ് കമ്മീഷൻ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലാണ് ജാതി വിവേചന ആക്ഷേപം ഉയര്‍ന്നത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് കഴകം പ്രവർത്തിക്കായി നിയമിച്ച തിരുവനന്തപുരം സ്വദേശി ബാലു എന്ന യുവാവിനെ ഈഴവനായതിന്റെ പേരിൽ ഓഫീസ് ജോലികളിലേക്ക് മാറ്റുകയായിരുന്നു. തന്ത്രിമാരുടെയും വാര്യസമാജത്തിന്റെയും എതിർപ്പിനെ തുടർന്നാണ് തീരുമാനം.
ജാതി വിവേചനം സ്ഥിരീകരിക്കുന്ന ഭരണസമിതി അംഗം പ്രതിഷ്ഠാദിന ചടങ്ങുകൾ പൂർത്തിയായതിനുശേഷം ബാലുവിനെ കഴകം ജോലിയിലേക്ക് പുനഃസ്ഥാപിക്കുമെന്ന് അറിയിച്ചു. തന്ത്രിമാർക്കെതിരെ നടപടിയെടുക്കാൻ ബോർഡിന് അവകാശം ഉണ്ട് എന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ പ്രതികരിച്ചു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വഴി നിയമനം ലഭിച്ച തിരുവനന്തപുരം സ്വദേശി ബാലു കഴിഞ്ഞ മാസം 24നാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴകം പ്രവൃത്തിക്കാരനായി ചുമതലയേറ്റത്. ബാലു ഈഴവ സമുദായ അംഗം ആയതിനാൽ കഴകപ്രവർത്തിയിൽ നിന്ന് മാറ്റി നിർത്തണമെന്ന് തന്ത്രിമാരും വാര്യർ സമാജവും ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുടയിലെ ആറു തന്ത്രി കുടുംബ അംഗങ്ങൾ ക്ഷേത്ര ചടങ്ങുകളിൽ നിന്ന് അന്നുമുതൽ വിട്ടുനിൽക്കുകയും ചെയ്തു. പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കേണ്ടതിനാൽ ഏഴാം തീയതി ഭരണസമിതി ചർച്ച വിളിച്ചു. തുടർന്നാണ് ബാലുവിനെ ഓഫീസ് ജോലികളിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്.