കുരങ്ങനെന്താ പ്രസംഗത്തിനിടയിൽ കാര്യം..? വേദിയിൽ അപ്രതീക്ഷിതമായി എത്തിയ ‘അതിഥി’യെ കണ്ട് എല്ലാവരും ഞെട്ടി

ശിവസേന താക്കറെ ഗ്രൂപ്പ് നേതാവ് സുഷമ അന്ധാരെയുടെ പ്രസംഗം കേൾക്കാൻ അപ്രതീക്ഷിതമായി എത്തിയ അതിഥിയെക്കണ്ട് വേദിയിലും സദസിലുമിരുന്നവർ തെല്ലൊന്ന് അസ്വസ്ഥരായി. അതിഥി അക്രമകാരിയല്ലെന്നു മനസിലായതോടെ എല്ലാവരും ആശ്വസിക്കുകയും സുഷമ തൻറെ പ്രസംഗം തുടരുകയും ചെയ്തു.

കഴിഞ്ഞദിവസം നടന്ന പൊതുസമ്മേളനത്തിനിടെയാണ് വിചിത്രസംഭവം ഉണ്ടായത്. ഭിവണ്ടിക്ക് സമീപമുള്ള ഖാർദിയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നതിനിടെ, അപ്രതീക്ഷിതമായി ഒരു കുരങ്ങ് വേദിയിലേക്കെത്തുകയായിരുന്നു. കുരങ്ങ് വേദിയിലെത്തുന്നതും അവിടെ നിലയുറപ്പിക്കുന്നതും വീഡിയോയിൽ കാണാം. എക്‌സിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൻ തരംഗമായി മാറി.

ഷിൻഡെ സേനയ്ക്കെതിരേ സുഷമ കടുത്ത വിമർശനങ്ങൾ ഉന്നയിക്കുന്‌പോഴാണ് വാനരൻ വേദിയിലേക്കു ചാടിക്കയറുന്നത്. ചില തടസങ്ങൾ നേരിട്ടെങ്കിലും സുഷമ തൻറെ രാഷ്ട്രീയ പ്രസംഗം തുടർന്നു. ചില സമയങ്ങളിൽ കുരങ്ങൻ സുഷമ അന്ധാരെയുടെ അരികിൽപോലും ഇരുന്നു. എന്നാൽ കുരങ്ങാൻ ആരെയും ആക്രമിച്ചില്ല.

അതേസമയം, കുരങ്ങനെ അവിടെനിന്ന് തുരത്താൻ സുഷമയുടെ അനുയായികൾ ചില പൊടിക്കൈകൾ പ്രയോഗിച്ചു. പഴം കാണിച്ച് കുരങ്ങനെ വശീകരിക്കാൻ ശ്രമിച്ചെങ്കിലും കുരങ്ങൻ പഴം വാങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് കുറച്ചു പഴങ്ങൾ കുരങ്ങനു കാണത്തക്കവിധം വേദിയുടെ പുറത്തേക്കിട്ടെങ്കിലും കുരങ്ങൻ അവിടെതന്നെ ഇരിപ്പുറപ്പിച്ചു. പ്രസംഗം കഴിഞ്ഞ സുഷമ പുറത്തിറങ്ങിയപ്പോഴും വാനരൻ പിന്നാലെ വന്നു. പിന്നീട് കുരങ്ങൻ പരിസരപ്രദേശങ്ങളിലേക്ക് ഓടിമറയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *