കിരൺ റാവു സംവിധാനം ചെയ്ത് നിതാൻഷി ഗോയൽ, സ്പർശ് ശ്രീവാസ്തവ, പ്രതിഭ രന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലാപതാ ലേഡീസ്. മികച്ച പ്രതികരണം നേടിയ സിനിമക്ക് ഏറെ നിരൂപക-പ്രേക്ഷക പ്രശംസകൾ ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ പ്രധാന പൊലീസ് വേഷം ചെയ്യാൻ ആമിർ ഖാൻ ഓഡിഷനെത്തിയ വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചിത്രത്തിൽ രവി കിഷൻ അവതരിപ്പിച്ച എസ്.ഐ ശ്യാം മനോഹർ എന്ന പൊലീസ് കഥാപാത്രം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യം ഈ റോളിലേക്ക് പരിഗണിച്ചിരുന്നത് ആമിർ ഖാനെ ആയിരുന്നു. എന്നാൽ പിന്നീട് അത് രവി കിഷനിലേക്ക് എത്തുകയായിരുന്നു.
പൊലീസ് യൂണിഫോമിൽ കഥാപാത്രത്തിന്റെ മാനറിസങ്ങൾ അനുകരിച്ച് അഭിനയിക്കുന്ന ആമിറിനെയാണ് വിഡിയോയിൽ. പുതിയ യൂട്യൂബ് ചാനലിലൂടെയാണ് ആമിർ വിഡിയോ പങ്കുവെച്ചത്. വിഡിയോക്ക് പിന്നാലെ ആരാധകർ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. രവി കിഷന് യോജിച്ച വേഷമായിരുന്നു ശ്യാം മനോഹർ എന്നും ആമിറിനെക്കാൾ മികച്ചതായി ആണ് അദ്ദേഹം അതിനെ അവതരിപ്പിച്ചതെന്നും കമന്റുകൾ എത്തി.
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ലാപതാ ലേഡീസ്. ആമിർ ഖാൻ, കിരൺ റാവു, ജ്യോതി ദേശ്പാണ്ഡെ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ബോക്സ് ഓഫീസിൽ നിന്നും 25 കോടിയോളമാണ് സിനിമ നേടിയത്.