സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി യുഎഇ;നിരോധിത ഉള്ളടക്കങ്ങൾ പങ്കുവച്ചാൽ തടവും 10 ലക്ഷം ദിർഹം വരെ പിഴയും

സമൂഹമാധ്യമങ്ങൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ് യുഎഇ.നിരോധിത ഉള്ളടക്കം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചാൽ തടവും 10 ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. നിയമലംഘനം ആവർത്തിച്ചാൽ പിഴ 20 ലക്ഷം ദിർഹമാകും.നിരോധിത ഉള്ളടക്കം ഷെയർ ചെയ്യുന്നവർക്കും സമാന ശിക്ഷയുണ്ടാകും.

രാജ്യത്തിന്റെ സംസ്‌കാരം, പാരമ്പര്യം, ആചാരങ്ങൾ, മൂല്യങ്ങൾ എന്നിവയെ തെറ്റായി ചിത്രീകരിക്കാൻ പാടുള്ളതല്ല. വിദേശനയത്തെക്കുറിച്ചോ ദേശീയ സുരക്ഷാ കാര്യങ്ങളെക്കുറിച്ചോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.

തെറ്റിദ്ധാരണയുണ്ടാക്കുന്ന വിവരങ്ങൾ, വിദ്വേഷ പ്രസംഗം, അപകീർത്തിപ്പെടുത്തൽ എന്നിവ നേരിട്ടോ പരോക്ഷമായോ പങ്കിടുന്നത് നിയമലംഘനമാണ്. നിയമം ലംഘിക്കുന്ന മാധ്യമസ്ഥാപനങ്ങൾ 6 മാസം വരെ താൽക്കാലികമായി അടച്ചിടും. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടച്ചുപൂട്ടും. നിയമലംഘനത്തിനു കാരണമായ പോസ്റ്റ് സ്വയം നീക്കിയില്ലെങ്കിൽ അതിനുള്ള ചെലവും അവരിൽനിന്ന് ഈടാക്കുന്നതായിരിക്കും

മതങ്ങൾക്കോ വിശ്വാസികൾക്കോ അപകീർത്തികരമായ തരത്തിൽ പോസ്റ്റ് ഇടുന്നതും ഒഴിവാക്കണം. ഭരണസംവിധാനത്തെയും ഭരണകൂട താൽപര്യങ്ങളെയും ചിഹ്ന്നങ്ങളെയും അവഹേളിക്കുക, ദേശീയ, രാജ്യാന്തര തലങ്ങളിൽ ഭരണകൂടത്തെ മോശമായി ചിത്രീകരിക്കുക, രാജ്യത്തിന്റെ വിദേശബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തുക, ദേശീയ, രാജ്യാന്തര തലങ്ങളിൽ ഭരണകൂടത്തെ മോശമായി ചിത്രീകരിക്കുക, ദേശീയ, സാമൂഹിക ഐക്യത്തെ തകർക്കുന്നവിധം പെരുമാറുക, പ്രാദേശിക, ഗോത്ര വിഭാഗീയതയ്ക്ക് കാരണമാകുക, അക്രമം, വിദ്വേഷം, തീവ്രവാദം എന്നിവ പ്രേരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുക, മൂല്യങ്ങളെയും പൊതുതാൽപര്യങ്ങളെയും വ്രണപ്പെടുത്തുക, നിയമ, സുരക്ഷാ, സാമ്പത്തിക കാര്യങ്ങൾക്കെതിരായ ഉള്ളടക്കം എന്നിവയും കുറ്റകരമാണ്.

വ്യക്തികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുക, കുറ്റകൃത്യങ്ങൾക്കു പ്രേരണ നൽകുക, പൊതുധാർമികത ലംഘിക്കുക, സർക്കാരിനെയും നയങ്ങളെയും തെറ്റായി ചിത്രീകരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കും കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *