നഗര പരിധികളിൽ താമസക്കാർക്കും ബിസിനസ് സംരംഭകർക്കും വ്യക്തികൾക്കും കുറഞ്ഞ കാലത്തേക്കും ദീർഘകാലത്തേക്കും പൊതു പാർക്കിങ് സ്ഥലങ്ങൾ ഉപയോഗിക്കാനുള്ള പുതിയ പ്ലാനുകൾ അവതരിപ്പിച്ച് ഷാർജ മുനിസിപ്പാലിറ്റി. വ്യക്തികൾക്ക് തിരഞ്ഞെടുത്ത രണ്ട് ഏരിയകളിൽ മാത്രം ഒരു മാസത്തേക്ക് പാർക്കിങ് അനുവദിക്കുന്ന പ്ലാൻ ഉപയോഗപ്പെടുത്താം.വ്യക്തിഗത പാർക്കിങ്, കമേഴ്സ്യൽ പാർക്കിങ്, ഇളവുകളോടെയുള്ള പാർക്കിങ് എന്നിങ്ങനെ മൂന്ന് പ്ലാനുകളാണ് അവതരിപ്പിച്ചത്. എല്ലാ പാർക്കിങ് ഇടങ്ങളും ഉപയോഗിക്കാവുന്ന വ്യക്തിഗത പാർക്കിങ്ങിൽ 10 ദിവസത്തേക്ക് 170 ദിർഹമാണ് ഫീസ്. 20 ദിവസത്തേക്ക് 290 ദിർഹമും ഒരു മാസത്തേക്ക് 390 ദിർഹമും നൽകണം. 850 ദിർഹം നൽകിയാൽ മൂന്നു മാസത്തേക്കും 1400 ദിർഹം അടച്ചാൽ ആറു മാസത്തേക്കും പാർക്കിങ് ലഭിക്കും. 2300 ദിർഹമാണ് ഒരു വർഷത്തേക്ക്.
രണ്ട് ഏരിയകളിൽ മാത്രം ഉപയോഗിക്കാവുന്ന പ്ലാനിൽ ഒരു മാസത്തേക്ക് 166 ദിർഹമാണ് ഫീസ്. മൂന്നു മാസത്തേക്ക് 500 ദിർഹമും ആറു മാസത്തേക്ക് 900 ദിർഹമും ഒരു വർഷത്തേക്ക് 1700 ദിർഹമും നൽകണം. കമേഴ്സ്യൽ വാഹനങ്ങൾക്ക് എല്ലാ പാർക്കിങ് ഏരിയകളും ഉപയോഗപ്പെടുത്താനുള്ള പ്ലാനിൽ 10 ദിവസത്തേക്ക് 170 ദിർഹം നൽകണം. 20 ദിവസത്തേക്ക് 290 ദിർഹം, ഒരു മാസത്തേക്ക് 390, മൂന്നു മാസത്തേക്ക് 1050 ദിർഹം, ആറു മാസത്തേക്ക് 1750 ദിർഹം, ഒരു വർഷത്തേക്ക് 2850 ദിർഹം എന്നിങ്ങനെ ഈടാക്കും. ഇത് രണ്ട് പ്രത്യേക ഏരിയകളിൽ മാത്രമാണെങ്കിൽ മൂന്നു മാസത്തേക്ക് 600 ദിർഹം, ആറു മാസത്തേക്ക് 1,100 ദിർഹം, ഒരു വർഷത്തേക്ക് 2,100 ദിർഹം എന്നിങ്ങനെയാണ് ഫീസ്. 20 ശതമാനം ഇളവോടെയുള്ള അസാധാരണ പാർക്കിങ് ഏരിയകളിൽ മൂന്നു മാസത്തേക്ക് 600 ദിർഹം, ആറു മാസത്തേക്ക് 1,050 ദിർഹം, ഒരു വർഷത്തേക്ക് 1,850 ദിർഹം എന്നിങ്ങനെ അടക്കണം.
എന്നാൽ, യു.എ.ഇ പൗരന്മാരായ പ്രായമായവർ, വിരമിച്ചവർ അല്ലെങ്കിൽ പണമടച്ചുള്ള പാർക്കിങ് സോണുകളിൽ താമസിക്കുന്നവർ, ഷാർജ നഗരത്തിലെ സർക്കാർ ജീവനക്കാർ, വിദ്യാർഥികൾ, സോഷ്യൽ സർവിസ് ഗുണഭോക്താക്കൾ, ഹോംലാൻഡ് പ്രൊട്ടക്ടേഴ്സ് കാർഡോ വാഫർ കാർഡോ ഉള്ളവർ എന്നിവർക്ക് മാത്രമേ അസാധാരണ പ്ലാൻ ലഭിക്കൂ. എസ്.സി.എം വെബ്സൈറ്റ്, www.shjmun.gov.ae, ഷാർജ മുനിസിപ്പാലിറ്റി അംഗീകൃത സർവിസ് സെന്ററുകൾ എന്നിവ വഴി പാർക്കിങ് അപേക്ഷ സമർപ്പിക്കാം. ഇളവുകൾ അനുവദിച്ച പാർക്കിങ് ആവശ്യമുള്ളവർ സർവിസ് സെന്ററുകൾ മുഖാന്തരം മാത്രമേ അപേക്ഷിക്കാവൂ. എമിറേറ്റ്സ് ഐ.ഡി, വാഹന രജിസ്ട്രേഷൻ കാർഡ്, ട്രേഡ് ലൈസൻസ്, ഇളവുകൾ ആവശ്യമുള്ളവർക്ക് അത് തെളിയിക്കുന്ന രേഖകൾ എന്നിവ അപേക്ഷക്കൊപ്പം സമർപ്പിക്കണം.