ലോകകപ്പ് ആരാധകർക്കായുള്ള യു എ ഇ യുടെ പ്രത്യേക വിസ ആദ്യം സ്വന്തമാക്കിയത് ജോർദ്ദാൻ സ്വദേശി

യു എ ഇ : ഖത്തർ ലോക കപ്പിനോടനുബന്ധിച്ച് ഇന്നലെ മുതൽ ആരംഭിച്ച പ്രത്യേക മൾട്ടിപ്പിൾ വിസയുടെ ആദ്യ കോപ്പി നേടി ജോർദ്ദാൻ സ്വദേശി. ജോര്‍ദ്ദാനില്‍ നിന്നുള്ള മോഹമ്മദ് ജലാലാണ് ദുബായ് ആരംഭിച്ച ഈ പ്രത്യേക വിസ നേടുന്ന ആദ്യത്തെ ഫുട്ബോള്‍ ആരാധകന്‍. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേര്‍സ് ഏഫയര്‍സാണ് വിസ നല്‍കുന്നത്. 90 ദിവസത്തേക്കാണ് ഈ പ്രത്യേക വിസ.

ഫുട്ബോള്‍ ആരാധകര്‍ക്കായി ഖത്തര്‍ നല്‍കുന്ന ഫാന്‍ പാസായ ‘ഹയ്യ കാര്‍ഡ്’ ഉള്ളവര്‍ക്ക് 100 ദിര്‍ഹത്തിന് ഈ വിസ സ്വന്തമാക്കാന്‍ സാധിക്കും. ഓൺലൈൻ വഴി അപേക്ഷിക്കാവുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍ക്കായി നിരവധി പേരാണ് അപേക്ഷിച്ചതെന്നാണ് ജിഡിആര്‍എഫ്എ ഡയറക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ മൊഹമ്മദ് അഹമ്മദ് അല്‍ മാറി വിശദമാക്കിയത്. 1.4 മില്യണ്‍ ആളുകളെയാണ് ലോകകപ്പ് കാണാനായി ഖത്തറിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഖത്തറിലേക്ക് ഷട്ടില്‍ സര്‍വ്വീസ് ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ദുബായ് ഉള്ളത്. വിസ ലഭിക്കുന്ന ഫുട്ബോള്‍ ആരാധകര്‍ക്ക് ദുബായില്‍ താമസിക്കാനും അനുമതിയുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകര്‍ക്കായി പ്രത്യേകം ഫാന്‍ സോണുകളും ഒരുങ്ങുന്നുണ്ട്.

പ്രത്യേക മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ ലഭിക്കുന്ന ഫുട്‍ബോള്‍ ആരാധകര്‍ക്ക് 90 ദിവസത്തെ കാലയളവില്‍ യുഎഇയില്‍ എത്ര തവണ വേണമെങ്കിലും പ്രവേശിക്കുകയും രാജ്യത്തു നിന്ന് പുറത്തുപോവുകയും ചെയ്യാം. ഖത്തര്‍ ലോകകപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നവംബര്‍ ഇരുപതിന് അല്‍ ബയത് സ്റ്റേഡിയത്തിലാണ് കിക്കോഫ്. ലോകകപ്പിന് വേദിയാവുന്ന ഏറ്റവും ചെറിയ രാജ്യമാണ് ഖത്തര്‍. ഇക്വഡോര്‍ ഖത്തര്‍ മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാവുക. ഡിസംബര്‍ പതിനെട്ടിനാണ് കിരീടപ്പോരാട്ടം.

Leave a Reply

Your email address will not be published. Required fields are marked *