രാജ്യത്തെ അപമാനിക്കുന്നവർക്ക് കടുത്ത ശിക്ഷ പ്രഖ്യാപിച്ച് യുഎഇ

സാമൂഹിക മാധ്യമങ്ങളിലൂടെ രാജ്യത്തെ അപമാനിക്കുന്നവർക്ക് കടുത്തശിക്ഷ പ്രഖ്യാപിച്ച് യുഎഇ. സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന ഏതൊരുവിധ നിയമലംഘനങ്ങൾക്കും അഞ്ചുവർഷം തടവും അഞ്ചുലക്ഷം ദിർഹംവരെ പിഴയും ശിക്ഷ ചുമത്തുമെന്ന് അബുദാബി നീതിന്യായ വകുപ്പ് (എഡിജെഡി) അധികൃതർ മുന്നറിയിപ്പ് നൽകി.രാജ്യത്തിന്റെ സൽപ്പേരിന് പ്രതികൂലമാകുന്ന ഓൺലൈൻ പോസ്റ്റുകൾ പങ്കുവെക്കുകയോ ദേശീയചിഹ്നങ്ങളെയും സ്ഥാപനങ്ങളെയും അവഹേളിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നവർക്കെതിരെയും കർശന നടപടികളെടുക്കുകയെന്നും എക്‌സിലൂടെ വ്യക്തമാക്കി.

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയോ, രാജ്യത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും എതിരായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെക്കുകയോ ചെയ്യരുത്. 2021-ലെ ഫെഡറൽ നിയമം 34 പ്രകാരമാണ് കുറ്റവാളികൾക്കെതിരേ നടപടിയെടുക്കുക.സർക്കാർ തീരുമാനങ്ങൾക്കെതിരായി ഉള്ളടക്കങ്ങൾ സൃഷ്ടിക്കുക, അവ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ജീവപര്യന്തം തടവും കനത്തപിഴയും ലഭിക്കുമെന്ന് നേരത്തേതന്നെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

സർക്കാർ സംവിധാനത്തെ തകർക്കാനുള്ള ശ്രമങ്ങളായാണ് ഇത്തരം കുറ്റകൃത്യങ്ങളെ കണക്കാക്കുക. വിവര സാങ്കേതികവിദ്യകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തണമെന്നും അവ സ്ഥാപനങ്ങളെയോ വ്യക്തികളെയോ അധിക്ഷേപിക്കാനോ അപമാനിക്കാനോ ഉപയോഗിക്കരുതെന്നും പറയുന്നുണ്ട്.ഡിജിറ്റൽ മാർഗങ്ങളിലൂടെ രാജ്യത്തിന്റെ പ്രതിച്ഛായ, സമാധാനം, ദേശീയ ഐക്യം എന്നിവ തകർക്കാൻ ശ്രമിക്കുന്നവരെ നിയമത്തിലൂടെ നേരിടാനാണ് യുഎഇയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *