യു.എ.ഇ.യിൽ പുനർകയറ്റുമതിയിൽ 13 ശതമാനം വർധന

യു.എ.ഇ.യിൽ പുനർകയറ്റുമതിയിൽ 13 ശതമാനം വർധനയുണ്ടായതായി അബുദാബി കൃഷി, ഭക്ഷ്യ സുരക്ഷാ അതോറിറ്റി അധികൃതർ അറിയിച്ചു. കൂടാതെ ഭക്ഷ്യ ഇറക്കുമതിയിലും കയറ്റുമതിയിലുമായി ഏതാണ്ട് 85,000-ത്തിലേറെ പുതിയ ഉത്പന്നങ്ങൾ രജിസ്റ്റർ ചെയ്തു. ഓരോ ഉത്പന്നവും ലബോറട്ടറി പരിശോധനയ്ക്ക് വിധേയമാക്കി അപകടസാധ്യതകൾ വിലയിരുത്തിയാണ് രജിസ്‌ട്രേഷൻ നടപടികൾ നിർവഹിക്കുന്നത്.

അബുദാബി കസ്റ്റംസുമായി ഏകോപിപ്പിച്ചാണ് ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കുന്നത്. ഇതിലൂടെ സുരക്ഷ ശക്തിപ്പെടുത്തുന്നതോടൊപ്പം വ്യാപാരവും മെച്ചപ്പെടുമെന്ന് അധികൃതർ വിശദീകരിച്ചു.

2024-ൽ വിവിധ മാർഗങ്ങളിലൂടെ അബുദാബിയിലേക്ക് ഇറക്കുമതിചെയ്ത 15 ലക്ഷം ടൺ ഭക്ഷ്യവസ്തുക്കളിൽ പരിശോധന നടത്തി. ഇതിൽ ഏകദേശം 749 ടൺ ഭക്ഷ്യവസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്തതായി ഭക്ഷ്യസുരക്ഷാ അതോറിറ്റി അധികൃതർ പറഞ്ഞു.

ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയതിനെത്തുടർന്നായിരുന്നു തീരുമാനം. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നത്. ഇതുവഴി പൊതുജനങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നുവെന്നും പൊതുജനക്ഷേമത്തിനാണ് എന്നും മുൻഗണനയെന്നും അതോറിറ്റി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *