യു.എ.ഇയിൽ ചൊവ്വാഴ്ച വരെ കനത്ത മഴക്ക് സാധ്യത

മഴയെ തുടർന്ന് താപനില കുറഞ്ഞ രാജ്യത്ത് ഇടവേളക്കുശേഷം വീണ്ടും മഴ മുന്നറിയിപ്പ്. ഞായറാഴ്ച മുതൽ ചൊവ്വാഴ്ചവരെ രാജ്യത്തെ ചില ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ പെയ്യുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മിക്ക പ്രദേശങ്ങളും ഈ ദിവസങ്ങളിൽ മേഘാവൃതമായിരിക്കുമെന്നും താപനില കുറയുമെന്നും അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 45 കി.മീറ്റർ വേഗത്തിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്.

കഴിഞ്ഞ ഞായറാഴ്ച റാസൽഖൈമയിലെ വിനോദ സഞ്ചാര കേന്ദ്രമായ ജബൽ ജെയ്‌സിൽ 3.4 ഡിഗ്രി സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഇത് ഈ വർഷം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കൂടിയ തണുപ്പാണ്. നേരത്തേ ജനുവരി ആദ്യത്തിൽ അൽഐനിലെ റക്‌നയിൽ 5.3 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ രാജ്യത്ത് പലഭാഗത്തും മഴ ലഭിക്കുന്നുണ്ട്. അതോടൊപ്പം മിക്ക പ്രദേശങ്ങളിലും മേഘാവൃതമായ അന്തരീക്ഷമാണ് നിലവിലുള്ളത്.

രാജ്യത്തിൻറെ മറ്റു ഭാഗങ്ങളിലും താപനില കുറഞ്ഞതായാണ് രേഖപ്പെടുത്തിയത്. അബൂദബി, ദുബൈ, ഷാർജ, ഫുജൈറ, ഉമ്മുൽ ഖുവൈൻ അടക്കം എല്ലാ എമിറേറ്റുകളിലും തണുപ്പേറിയിട്ടുണ്ട്. ഈ സീസണിലെ തണുപ്പുകാലം ഡിസംബർ 21മുതൽ ആരംഭിച്ചതായാണ് വിദഗ്ധർ വിശദീകരിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *