അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു. ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷെയ്ഖ് സയീദിന്റെ മരണവാർത്ത പ്രസിഡൻഷ്യൽ കോടതിയാണ് പുറത്തുവിട്ടത്. വിയോഗത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അനുശോചിച്ചു. ഔദ്യോഗിക ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ ഇൗ മാസം 29 വരെ മൂന്ന് ദിവസത്തേക്ക് യുഎഇ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
1965ൽ അൽഐനിൽ ജനിച്ച ഷെയ്ഖ് സയീദ് 1988ൽ യുഎഇ സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടി. ബിരുദം നേടിയ ശേഷം അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർ സെക്രട്ടറിയായി നിയമിതനായി. 1991 മുതൽ 1996 വരെ തുറമുഖ വകുപ്പിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്ന ഇദ്ദേഹം ഒട്ടേറെ ഔദ്യോഗിക രാജ്യാന്തര സന്ദർശനങ്ങൾ നടത്തി.
2002 നും 2003 നും ഇടയിൽ യുഎഇ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. കൂടാതെ, യുഎഇയിലെ വിവിധ പ്രധാന വികസന പദ്ധതികളിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം, അബുദാബി കൗൺസിൽ ഫോർ ഇക്കണോമിക് ഡവലപ്‌മെന്റ്, അൽ വഹ്ദ സ്‌പോർട്‌സ് ക്ലബിന്റെ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.