അബുദാബി∙ ഒമാനെയും യു എ ഇ യെയും ബന്ധിപ്പിക്കുന്ന റെയിൽവേ കരാറിൽ ഒപ്പുവച്ച് 4 ദിവസത്തിനകം തന്നെ സംയുക്ത കമ്പനിയുടെ ആദ്യയോഗം ദുബായിൽ നടത്തി. സെപ്റ്റംബർ 28ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദർശനത്തിനിടെയാണ് റെയിൽ പദ്ധതി സംബന്ധിച്ച കരാർ ഒപ്പിട്ടത്. തുടർ നടപടികൾ അതിവേഗം നടക്കുന്നുവെന്നതിന്റെ സ്സൂചനയാണിത്. രാജ്യാന്തര നിലവാരവും സുരക്ഷയും ഉറപ്പാക്കിയാകും പദ്ധതി യാഥാർഥ്യമാക്കുകയെന്ന് സംയുക്ത കമ്പനി ഡയറക്ടർ ബോർഡ് അറിയിച്ചു. സാങ്കേതിക–പരിസ്ഥിതി പഠനങ്ങൾ, വാസ്തുവിദ്യാ രൂപകൽപന, നടപ്പാക്കൽ, ബിസിനസ് മോഡൽ, സംയുക്ത സംരംഭത്തിന്റെ വാണിജ്യ കാര്യങ്ങൾ എന്നിവയാണ് സമിതി ചർച്ച ചെയ്തത്.
303 കി.മീ ദൈർഘ്യമുള്ള യുഎഇ–ഒമാൻ സംയുക്ത റെയിലിൽ യാത്രാ, ചരക്കു സേവനങ്ങളുമുണ്ടാകും.. മണിക്കൂറിൽ 200 കി.മീ വേഗത്തിൽ ഓടുന്ന ട്രെയിനിൽ അൽഐനിൽനിന്ന് സോഹാറിലെത്താൻ 47 മിനിറ്റും അബുദാബിയിൽനിന്നു സോഹാറിലെത്താൻ 100 മിനിറ്റും മതി. ഇതേസമയം ചരക്ക് ട്രെയിനുകൾ മണിക്കൂറിൽ 120 കി.മീ വേഗത്തിലാണ് ഓടുക. യുഎഇയുടെ ഇത്തിഹാദ് റെയിലിനെ സോഹാറുമായി ബന്ധിപ്പിക്കുന്ന മറ്റൊരു കരാറിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു.
1100 കോടി ദിർഹമാണ് ചെലവ് കണക്കാക്കുന്നത്. യുഎഇ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ അൽ മസ്‌റൂഇ, ഒമാൻ ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക വകുപ്പ് മന്ത്രി സഈദ് ബിൻ ഹമൂദ് അൽ മവാലി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ഓപറേഷൻസ് അഫയേഴ്‌സ് ആക്ടിങ് വൈസ് പ്രസിഡന്റ് ഷെയ്ഖ് നാസർ അൽ ഹാർത്തി, ഇത്തിഹാദ് റെയിൽ മൊബിലിറ്റി ഡയറക്ടർ ബോർഡ് ചെയർമാൻ സഈദ് അൽ സാബി, അസ്യാദ് ഗ്രൂപ്പിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുൽ റഹ്മാൻ അൽ ഹാത്മി, ഇത്തിഹാദ് റെയിലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഷാദി മലക്ക് എന്നിവർ യോഗത്തിൽ പങ്കെടുത്തു.