പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ദുബൈയിൽ തറക്കല്ലിട്ട ‘ഭാരത് മാർട്ട്’ രണ്ടുവർഷത്തിനകം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനിടെ ദുബൈയിൽ തറക്കല്ലിട്ട ‘ഭാരത് മാർട്ട്’ രണ്ടുവർഷത്തിനകം നിർമാണം പൂർത്തിയാക്കും. ഇന്ത്യയിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ യു.എ.ഇയിലേക്കുള്ള കയറ്റുമതി പ്രോൽസാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ‘ഭാരത് മാർട്ട്’എന്ന കൂറ്റൻ വാണിജ്യ കേന്ദ്രം നിർമിക്കുന്നത്.

ചൈനീസ് കമ്പനികൾക്കായി ദുബൈയിൽ പ്രവർത്തിക്കുന്ന ഡ്രാഗൺ മാർട്ടിന്റെ മാതൃകയിലാണ് ഇന്ത്യൻ കമ്പനികൾക്കായുള്ള ഭാരത് മാർട്ട് വരുന്നത്. ദുബൈ ജബൽഅലി ഫ്രീസോണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് എന്നിവർ ചേർന്നാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ഡി.പി വേൾഡും ഇന്ത്യയുടെ വാണിജ്യ മന്ത്രാലയവും സംയുക്തമായാണ് 2.7 ദശലക്ഷം ചതുരശ്ര അടിയിൽ ‘ഭാരത് മാർട്ട്’ നിർമിക്കുക.

ആദ്യഘട്ടം 1.3 ദശലക്ഷം അടിയിൽ നിർമിക്കും. 15,00 ഷോറൂമുകൾ, ഏഴു ലക്ഷം ചതുരശ്ര അടിയിൽ വെയർഹൗസിങ് സൗകര്യം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. 2026 ഓടെ പ്രവർത്തനം ആരംഭിക്കാനാണ് പദ്ധതി. പുതിയ വിപണി ആരംഭിക്കുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾ ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ചെലവ് വലിയ തോതിൽ കുറയുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *