പൊതുഗതാഗത മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന റെയിൽ ബസ് സംവിധാനം അവതരിപ്പിച്ച് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ലോകത്തെ ഏറ്റവും മികച്ച സ്മാർട്ട് നഗരമാകാനുള്ള ദുബൈയുടെ യാത്രയിൽ നാഴികക്കല്ലാകും റെയിൽ ബസ്.
സൗരോർജ്ജത്തിലോടുന്ന, ഡ്രൈവറില്ലാത്ത, ഒരു ബസിന്റെ മാത്രം വലിപ്പമുള്ള വാഹനം. ആകെ 11.5 മീറ്റർ നീളവും 2.9 മീറ്റർ ഉയരവും. മദീനത് ജുമൈറയിൽ നടക്കുന്ന വേൾഡ് ഗവണ്മെന്റ് ഉച്ചകോടിക്കിടെയാണ് ആർടിഎ റെയിൽ ബസ് എന്ന ത്രീഡി പ്രിന്റഡ് വാഹനം അവതരിപ്പിച്ചത്. പണി തീർന്ന് ഓടിത്തുടങ്ങിയാൽ ദുബൈയുടെ പൊതുഗതാഗതത്തെ തന്നെ റെയിൽ ബസ് മാറ്റിപ്പണിയും.
ഒരു യാത്രയിൽ നാല്പത് യാത്രക്കാരെ വഹിക്കാനുള്ള ശേഷിയാണ് റെയിൽ ബസിനുള്ളത്. മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗത്തിൽ വരെ സഞ്ചരിക്കാം. എലിവേറ്റഡ് ട്രാക്കുകളിലൂടെയാകും സഞ്ചാരം. തടസ്സരഹിത യാത്ര ഉറപ്പാക്കാൻ ദുബൈയിലെ മറ്റു പൊതുഗതാഗത സംവിധാനങ്ങളുമായി റെയിൽ ബസ് സംയോജിപ്പിക്കും.
പരിസ്ഥിതി സൗഹൃദം ലക്ഷ്യമിട്ട് ദുബൈ നടപ്പാക്കുന്ന നെറ്റ് സീറോ ട്വന്റി ഫിഫ്റ്റി സ്ട്രാറ്റജി, സീറോ എമിഷൻസ് പബ്ലിക് ട്രാൻസ്‌പോർട്ട് സ്ട്രാറ്റജി നയങ്ങളോട് ചേർന്നു നിൽക്കുന്നതാണ് പുതിയ ഗതാഗത സംവിധാനം. 2030 ഓടെ പൊതുഗതാഗതത്തിന്റെ ഇരുപത്തിയഞ്ച് ശതമാനവും ഡ്രൈവറില്ലാ യാത്രയാക്കുകയാണ് ദുബൈയുടെ ലക്ഷ്യം