ദുബായ് സുരക്ഷിതവും സുന്ദരവുമായ സ്വയം നിയന്ത്രിത (ഓട്ടോണമസ്) വാഹനങ്ങൾ വൈകാതെ ദുബായ് നിരത്തുകളുടെ ആവേശമാകും. അടുത്ത വർഷം ഓട്ടോണമസ് വാഹന സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി 50 ഡ്രൈവറില്ലാ വാഹനങ്ങൾ അടുത്ത മാസങ്ങളിൽ പരീക്ഷണയോട്ടത്തിന് ഇറക്കും. 2028ഓടെ ദുബായിൽ മാത്രം ഓട്ടോണമസ് വാഹനങ്ങളുടെ എണ്ണം 1,000 ആക്കി വർധിപ്പിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ചൈനയുടെ ബെയ്ഡുവുമായി സഹകരിച്ചാണ് പദ്ധതി.
ഡേറ്റ ശേഖരണത്തിനും പരിശോധനയ്ക്കുമായാണ് നൂതന സാങ്കേതിക സംവിധാനങ്ങളുള്ള ഏറ്റവും പുതിയ ‘അപ്പോളോ ഗോ’ ഓട്ടോണമസ് വാഹനങ്ങൾ പരീക്ഷിക്കുന്നത്. 2030ഓടെ ദുബായിലെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയംനിയന്ത്രിത വാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പാണിത്. ഓട്ടോണമസ് മൊബിലിറ്റി സേവനങ്ങൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത ആർടി 6ന്റെ ഏറ്റവും പുതിയ വാഹനങ്ങളാണ് പരീക്ഷണത്തിനായി വിന്യസിക്കുക.
ഓട്ടോണമസ് വാഹന സേവന കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും അപ്പോളോ ഗോയും ഒപ്പുവച്ചു. ആർടിഎ ചെയർമാൻ മത്തർ അൽ തായറുടെയും ബെയ്ഡു ജനറൽ മാനേജർ (ഓവർസീസ് ബിസിനസ്) ഹാൾട്ടൻ നിയുവിന്റെയും സാന്നിധ്യത്തിൽ ആർടിഎ പബ്ലിക് ട്രാൻസ്പോർട്ട് ഏജൻസി സിഇഒ അഹമദ് ഹാഷിം ബഹ്റൂസിയാനും ബെയ്ഡു മെന ഓർവസീസ് ജനറൽ മാനേജർ ലിയാങ് ഷാങും ഒപ്പുവച്ചു.
പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം
സ്മാർട്ട് മൊബിലിറ്റിയിൽ ആഗോള നേതാവാകാനൊരുങ്ങുന്ന യുഎഇയുടെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് ഫ്ലയിങ് ടാക്സി സർവീസും അടുത്ത വർഷം ആരംഭിക്കാനിരിക്കുകയാണ്. ഗതാഗത രംഗത്ത് പരിസ്ഥിതി സൗഹൃദ ലോകോത്തര മാതൃക ഒരുക്കുന്നതൊടൊപ്പം യുഎഇ മുന്നേറുന്നത് കാർബൺ രഹിത രാജ്യമെന്ന ലക്ഷ്യത്തിലേക്കു കൂടിയാണ്.
യുഎഇയിലെ ആദ്യത്തെ ഡ്രൈവറില്ലാ ടാക്സി സേവനമായ ടിഎക്സ്എഐ (ടക്സൈ) യാസ് ദ്വീപിൽ സർവീസ് നടത്തുന്നുണ്ട്. ഇതിനകം 30,000 ട്രിപ്പിലൂടെ 4.3 ലക്ഷം കി.മീ സഞ്ചരിച്ചാണ് സുരക്ഷയും സേനവ മികവും ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം യാസ് ഐലൻഡിൽനിന്ന് വിമാനത്താവളത്തിലേക്കും സൗജന്യ സർവീസ് പ്രഖ്യാപിച്ചിരുന്നു. കരയിലും ആകാശത്തും പ്രവർത്തിക്കാൻ കഴിയുന്ന പറക്കും കാർ കഴിഞ്ഞ ദിവസം പ്രദർശിപ്പിച്ചിരുന്നു. യുഎഇയ്ക്കകത്തും ഇതര ജിസിസി രാജ്യങ്ങളിലേക്കും എളുപ്പത്തിൽ പറന്നെത്താനാണ് ഇവ ഉപയോഗിക്കുക.