വൈകീട്ട് നാല് മാണി കഴിഞ്ഞാൽ പിന്നെ ദുബായ് അൽ കോസ് ലേബർകമ്മ്യൂണിറ്റി മാർക്കറ്റിൽ ജനക്കൂട്ടം നിറയും.കഴിക്കാനും, കളിക്കാനും, ഷോപ്പിംഗ് നടത്താനുമായി തിടുക്കം കൂട്ടുന്നജനസാഗരത്തിന്റെ കാഴ്ചയായിരിക്കും പിന്നീട് കാണാൻ സാധിക്കുക. ഏറ്റവും കുറഞ്ഞ വിലയിൽ സാധനങ്ങൾ ലഭിക്കുന്നതും സമയം വിനോദങ്ങളിൽ ഏർപ്പെടാൻ സൗകര്യമുള്ളതും ആളുകളെ ദിനംപ്രതി ഇവിടേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്.
സ്വാദിഷ്ടവും വിലകുറഞ്ഞതുമായ ഭക്ഷണം വിൽക്കാൻ മാർക്കറ്റിൽ നിരവധി സ്റ്റാളുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യൻ, പാകിസ്ഥാൻ, നേപ്പാളി, ബംഗ്ലാദേശി, ഇറ്റാലിയൻ, നൈജീരിയൻ, ഗാംബിയൻ, മറ്റ് ആഫ്രിക്കൻ പാചകരീതികൾ എന്നിവയുടെ ശേഖരം തന്നെയിവിടെയുണ്ട്. അഞ്ചു രൂപയ്ക്ക് ലഭിക്കുന്ന പാക്കിസ്ഥാനി ബർഗറിന് നിരവധിയാരാധകരുണ്ട്. പാകിസ്ഥാനിൽ നിന്നും വന്ന ഒരു വ്യക്തി നടത്തുന്ന ബർഗർ കടയുടെ മുൻപിൽ വരിവരിയായി നിൽക്കുന്ന സാധാരണക്കാരായ ജനങ്ങളുടെ തിരക്ക് ഇതിനുദാഹരണമാണ്. ചായയും വിവിധയിനം ഭക്ഷണ സാധനങ്ങളും വില്പന ചെയ്യുന്നത് കൂടാതെ കാരംസ് ബോർഡ് പോലെയുള്ള ഗെയിമുകളും,ഗെയിം ടൂർണമെന്റുകളും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നതിന് കാരണമാണ്.
ദുബായ് പോലീസ് ജനറൽ കമാൻഡ്, ദുബായ് മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ലേബേഴ്സ് കമ്മ്യൂണിറ്റി മാർക്കറ്റ് പ്രവർത്തിക്കുന്നത്. സാധാരണ മാർക്കറ്റ് വിലയിൽ നിന്നും 40% മുതൽ 70% വരെ വിലകക്കുറവിലാണ് ഇവിടെ സാധനങ്ങൾ ലഭ്യമാകുന്നത്. രണ്ടു ദിർഹത്തിന് ഒരു കിലോ ആപ്പിളും, ഒരു കിലോ തണ്ണിമത്തന് ഒരു ദിർഹവും 5 ദിർഹം മുതൽ ആരംഭിക്കുന്ന വസ്ത്രങ്ങളും ഇവിടുത്തെ മാത്രം പ്രത്യേകതകളാണ്. ചെരുപ്പുകൾ കൂളിംഗ് ഗ്ലാസ്സുകൾ, വാച്ചുകൾ, കമ്പിളിപുതപ്പുകൾ എന്നിവ കൂടാതെ ലാപ്‌ടോപ്പുകളും, മൊബൈൽ ഫോണുകളും വരെ ഇവിടെ കുറഞ്ഞ വിലയിൽ ലഭിക്കും