ദീപാവലിക്കു മുന്നേ യുഎയിൽ കൂപ്പുകുത്തി സ്വർണവില

യുഎഇ : ദീപാവലി ആഘോഷങ്ങള്‍ക്കിനി ഒരാഴ്ച കൂടി ബാക്കിനിൽക്കെ യുഎഇയിൽ ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വിലയിലേക്ക് കൂപ്പുകുത്തി സ്വർണവില. വ്യാഴാഴ്ച വൈകുന്നേരം 185.75 ഉണ്ടായിരുന്ന സ്വർണവില ഇന്ന് 184.50 ദിര്‍ഹത്തിലേക്ക് എത്തിനിൽക്കുകയാണ്. കൂടുതൽ ഉപഭോക്താക്കളെ ലക്ഷ്യമിട്ട്, വിലക്കുറവിനൊപ്പം യുഎഇയിലെ ഭൂരിഭാഗം ജ്വല്ലറികളും വിവിധ ഓഫറുകളും സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്. പണിക്കൂലിയിലെ ഇളവുകള്‍ക്ക് പുറമെ നിശ്ചിത അളവ് സ്വര്‍ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ നാണയം ഉള്‍പ്പെടെയുള്ള സമ്മാനങ്ങളാണ് പല ജ്വല്ലറികളും വാഗ്ദാനംചെയ്തിരിക്കുന്നത് . വില കുറയുന്ന സമയത്ത് അഡ്വാന്‍സ് ബുക്കിങ് സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

അന്താരാഷ്‍ട്ര വിപണിയിലും സ്വര്‍ണ വില കുറയുകയാണ്. ഇന്ന് ഔണ്‍സിന് 1619 ഡോളറാണ് വില. കഴിഞ്ഞ ദിവസം ഔണ്‍സിന് 1644 ഡോളറായിരുന്നു. ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കില്‍ ദിവസങ്ങള്‍ക്കകം തന്നെ അന്താരാഷ്‍ട്ര വിപണിയിലെ വില ഔണ്‍സിന് 1610 ഡോളര്‍ എന്ന നിലയിലേക്ക് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

കേരളത്തിലും ഇന്ന് സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ ഇടിഞ്ഞിരുന്നു. ഇന്നും 80 രൂപയാണ് കുറഞ്ഞത്. ഇതോടെ രണ്ട് ദിവസംകൊണ്ട് 240 രൂപ ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ നിലവിലെ വിപണി വില (Today’s Gold Rate) 37000 രൂപയാണ്.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ നിലവിലെ വിപണി വില 3830 രൂപയാണ്. അതേസമയം സംസ്ഥാനത്ത് ഇന്നും വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *