തിയറ്ററിൽ കളഞ്ഞുകിട്ടിയ നാല് ലക്ഷം രൂപ തിരികെ നൽകിയ എട്ടുവയസ്സുകാരിക്ക് ദുബായ് പൊലീസിന്റെ ആദരം

ദുബായിൽ സിനിമ ഹാളിൽ കളഞ്ഞുകിട്ടിയ 17,000 ദിർഹം (ഏകദേശം4 ലക്ഷത്തോളം രൂപ) തിരിച്ചുനൽകിയ എട്ടുവയസ്സുകാരിയെ ദുബായ് പൊലീസ് ആദരിച്ചു. ഈജിപ്ത് സ്വദേശിയായ ലിലി ജമാൽ റമദാനാണ് പൊലീസിന്റെ അഭിനന്ദനവും ആദരവും നേടിയത്. സിനിമ കാണാൻ ടിക്കറ്റുകൾ വാങ്ങാൻ പോയ മാതാപിതാക്കളെ ലിലി കൗണ്ടറിനടുത്ത് കാത്തിരിക്കുകയായിരുന്നു. അതിനിടയിലാണ് പണം വീണ് കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ മാതാപിതാക്കളെ വിവരം അറിയിച്ചു. നോക്കിയപ്പോൾ വലിയ തുകയാണെന്ന് മനസ്സിലായി. ഉടൻ തന്നെ പണമെടുത്ത് കുടുംബത്തോടൊപ്പം അൽ റാഷിദിയ പൊലീസ് സ്റ്റേഷനിൽ ചെന്നു. അതേസമയം, പണത്തിന്റെ ഉടമ സ്റ്റേഷനിൽ അതു നഷ്ടപ്പെട്ടതായി അറിയിക്കാൻ എത്തിയിരുന്നു. ലിലിയുടെ സത്യസന്ധതയും എളിമയും മറ്റുള്ളവർക്ക് മാതൃകയാണെന്ന് പൊലീസ് പറഞ്ഞു. ക്രിമിനൽ അന്വേഷണ വിഭാഗത്തിലെ അസിസ്റ്റന്റ് കമാൻഡർ, മേജർ ജനറൽ എക്‌സ്പർട്ട് ഖലീൽ ഇബ്രാഹിം അൽ മൻസൂറി എന്നിവർ ചേർന്ന് ലിലിയെ ആദരിച്ചു.

കുട്ടികളിൽ സത്യസന്ധത പോലുള്ള മൂല്യങ്ങൾ വളർത്തേണ്ടത് സമൂഹത്തിനൊട്ടാകെ ഗുണം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 18ന് വീണുകിട്ടിയ പാസ്പോർട്ടും പണവും ഒരാൾ പൊലീസിനെ ഏൽപിച്ചു. ഏപ്രിൽ 5ന് വീണുകിട്ടിയ ആഭരണങ്ങളും പണവും നായിഫ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. ടൂറിസ്റ്റ് കേന്ദ്രത്തിൽ കണ്ടെത്തിയ സ്വർണാഭരണം പൊലീസിന് കൈമാറി വിനോദസഞ്ചാരിയും മാതൃകയായി. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യൻ പ്രവാസി ഒരു ലക്ഷം ദിർഹം പൊലീസിന് കൈമാറി. ഇവരെല്ലാം ദുബായ് പൊലീസിന്റെ ആദരത്തിന് അർഹരായവരാണ്.

Leave a Reply

Your email address will not be published. Required fields are marked *