പിഞ്ചുകുട്ടിയെ മടിയിൽ ഇരുത്തി ഡ്രൈവ് ചെയ്ത വാഹനം ദുബൈ പൊലീസ് പിടികൂടി. അടുത്തിടെ ദുബൈ നഗരത്തിൽ സ്ഥാപിച്ച സ്മാർട്ട് കാമറയിലാണ് ഗുരുതര ട്രാഫിക് നിയമലംഘനത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. യു.എ.ഇയിലെ നിയമപ്രകാരം 10 വയസ്സിന് താഴെയും 145 സെന്റീമീറ്ററിന് താഴെ ഉയരവുമുള്ള കുട്ടികളെ ഡ്രൈവർ സീറ്റിൽ ഇരുത്തി വാഹനമോടിക്കുന്നത് ശിക്ഷാർഹമായ കുറ്റകൃത്യമാണ്. ഇത്തരം നിയമലംഘനങ്ങൾ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുക മാത്രമല്ല, നിയമപരമായ നടപടികളും വിളിച്ചുവരുത്തുമെന്ന് ദുബൈ ട്രാഫിക് പൊലീസ് അറിയിച്ചു.
സംഭവത്തിൽ വാഹനം പിടിച്ചെടുത്ത അധികൃതർ അശ്രദ്ധമായ ഇത്തരം പ്രവൃത്തികൾ വലിയ അപകടങ്ങൾക്കും ഗുരുതരമായ പരിക്കുകൾക്കും കാരണമാകുമെന്നും വ്യക്തമാക്കി. 2,000 ദിർഹം പിഴ ചുമത്തിയ പൊലീസ് ഡ്രൈവറുടെ ലൈസൻസിൽ 23 ബ്ലാക്ക് പോയന്റും രേഖപ്പെടുത്തി. പിടിച്ചെടുത്ത വാഹനം 60 ദിവസത്തേക്ക് വിട്ടുനൽകില്ല.
നഗരത്തിലെ പലയിടങ്ങളിലായി സ്ഥാപിച്ച നിർമിത ബുദ്ധി (എ.ഐ) സാങ്കേതികവിദ്യകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന സ്മാർട്ട് കാമറകൾ വിദൂരമായ ട്രാഫിക് നിയമലംഘനങ്ങൾ വരെ ഒപ്പിയെടുക്കാൻ ശേഷിയുള്ളതാണ്. ദുബൈയിലെ റോഡ് ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണിയാകുന്ന ട്രാഫിക് നിയമലംഘനങ്ങൾ കുറക്കാൻ ഇത്തരം നടപടികളിലൂടെ കഴിയുമെന്നും പൊലീസ് അധികൃതർ വ്യക്തമാക്കി.