എയർ ഇന്ത്യാ എക്സ്പ്രസ് വെബ്സൈറ്റിൽ നിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാൻ സാധിക്കാതെ പ്രവാസി ഇന്ത്യക്കാർ

അബുദാബി : എയർ ഇന്ത്യാ എക്സ്പ്രസ് വെബ്സൈറ്റിൽനിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാൻ സാധിക്കാതെ പ്രവാസി ഇന്ത്യക്കാർ. അതേസമയം ട്രാവൽ ഏജൻസികൾ വഴിയും, എയർ ഇന്ത്യ ഓഫീസ് വഴിയും ടിക്കറ്റെടുക്കുന്നവർക്ക് ഈ പ്രശ്‍നം വരുന്നില്ല.

വെബ്സൈറ്റിൽ നിന്ന് നേരിട്ട് വിമാന ടിക്കറ്റെടുക്കാൻ യാത്രക്കാരന്റെ വ്യക്തിഗത വിവരങ്ങൾ നൽകി ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡുകളുടെ വിവരങ്ങൾ നൽകുമ്പോൾ ട്രാൻസാക്​ഷൻ ഡീക്ലൈൻഡ് എന്ന സന്ദേശമാണ് ലഭിക്കുന്നത്.ബാങ്കിൽ പരിശോധിച്ചപ്പോൾ അവരുടെ തകരാറല്ലെന്ന് വ്യക്തമാക്കി. ചിലർക്കാകട്ടെ വ്യക്തിഗത വിവരങ്ങൾ നൽകുമ്പോഴേക്കും ടൈം ഔട്ട് എന്ന് പറഞ്ഞ് ഹോം പേജിലേക്കു പോകുകയാണ് ചെയ്യുന്നത്. വീണ്ടും ബുക്ക് ചെയ്യുമ്പോഴും ഇത് ആവർത്തിക്കുന്നു. ഇതേസമയം ട്രാവൽ ഏജൻസിയിൽ നിന്നോ എയർ ഇന്ത്യാ ഓഫിസിൽ പോയോടിക്കറ്റെടുക്കുന്നവർക്ക് പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. നേരത്തെ വെബ്സൈറ്റ് തിരസ്കരിച്ച ഡെബിറ്റ്/ക്രെ‍ഡിറ്റ് കാർഡുകളെല്ലാം ഇവിടെ സ്വീകരിക്കുന്നുണ്ട്. ട്രാവൽ ഏജൻസികളുടെ വെബ്സൈറ്റ് വഴിയോ ഓൺലൈൻ യാത്രാ പോർട്ടൽ വഴി ടിക്കറ്റ് എടുക്കാൻ കഴിയും. തന്മൂലം ടിക്കറ്റെടുക്കാനായി ട്രാവൽ ഏജൻസികളെയോ എയർ ഇന്ത്യാ എക്സ്പ്രസ് ഓഫിസിനെയോ സമീപിക്കാൻ നിർബന്ധിതരാവുകയാണ് പ്രവാസികൾ.

ട്രാവൽ ഏജൻസികളെയോ ഓഫിസിനെയോ സമീപിച്ച് ടിക്കറ്റെടുത്താൽ യാത്ര നീട്ടുന്നത് സംബന്ധിച്ചോ മറ്റോ സഹായം ലഭിക്കും. ഓൺലൈനിലൂടെയാണെങ്കിൽ ബന്ധപ്പെട്ട എയർലൈനുകൾക്ക് മെയിൽ അയച്ച് അനുമതി കിട്ടിയാലേ നടക്കൂ. ഇതിന് കാലതാമസവും എടുക്കുമെന്ന് ട്രാവൽ ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.ഇതേസമയം വെബ്സൈറ്റിന്റെ സാങ്കേതിക തകരാറ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടന്നുവരുന്നതായും എയർലൈൻ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *