ദുബൈ: യാത്രാ, ടൂറിസം മേഖലയിലെ മുൻനിര പ്രദർശനങ്ങളിലൊന്നായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് ഇന്ന് ദുബൈയിൽ തുടക്കം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മുവ്വായിരത്തോളം പ്രദർശകരാണ് ഇത്തവണത്തെ മേളയ്‌ക്കെത്തുന്നത്. മെയ് ഒന്നിന് സമാപിക്കും.
ആഗോള ടൂറിസത്തിന്റെയും സഞ്ചാരത്തിന്റെയും വാതിൽ തുറക്കുന്ന പ്രദർശന മേളയാണ് അറേബ്യൻ ട്രാവൽ മാർക്കറ്റ്. 166 രാഷ്ട്രങ്ങളിൽ നിന്ന് 2800ലേറെ പ്രദർശകരാണ് മുപ്പത്തിരണ്ടാം എഡിഷന്റെ ഭാഗമാകാനായി ദുബൈയിലെത്തിയിട്ടുള്ളത്. 55000 ത്തിലേറെ ആളുകൾ മേളയ്‌ക്കെത്തുമെന്ന് കരുതുന്നു.
രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ അതിർത്തികളില്ലാതെ രൂപപ്പെട്ടുവരുന്ന ആഗോള ടൂറിസത്തെ കുറിച്ചാണ് ഇത്തവണത്തെ മേള ചർച്ച ചെയ്യുക. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വിവിധ വേദികളിലായി 68 സെഷനുകൾ അരങ്ങേറും. കമ്പനികൾ തമ്മിൽ ധാരണാപത്രങ്ങളും ഒപ്പുവയ്ക്കും.
ഇന്ത്യയിൽ നിന്ന് എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ് അടക്കമുള്ള കമ്പനികൾ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കും. ഗോവ, കർണാടക, മധ്യപ്രദേശ്, യുപി എന്നിവിടങ്ങളിൽ നിന്നുള്ള ടൂറിസം ബോർഡുകൾക്കും സ്റ്റാളുകളുണ്ട്. ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഇരുപത് ശതമാനം കൂടുതൽ പ്രദർശകർ ഇത്തവണത്തെ മേളയ്‌ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സഞ്ചാരികളുടെ ഇഷ്ടദേശമെന്ന നിലയിൽ ദുബൈയുടെ ടൂറിസം വളർച്ചയ്ക്ക് ട്രാവൽ മാർക്കറ്റ് കരുത്തുപകരും. ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ മാത്രം ദുബൈ കാണാനെത്തിയത് 53 ലക്ഷം സഞ്ചാരികളാണ്.