ഹൃദയത്തിൽ നിന്ന് വരാത്ത സിനിമകൾ എനിക്കിഷ്ടമല്ല, എത്ര പ്രധാനപ്പെട്ട റോൾ ആയാലും; നിത്യ മേനോൻ

അഭിനയിച്ച ഭാഷകളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ച നടിയാണ് നിത്യ മേനോൻ. തുടക്ക കാലത്ത് മലയാള സിനിമാ രം​ഗത്ത് സജീവമായിരുന്നെങ്കിലും ഇപ്പോൾ വല്ലപ്പോഴുമേ നടി മലയാളത്തിൽ സാന്നിധ്യം അറിയിക്കാറുള്ളൂ. തുടരെ സിനിമകൾ ചെയ്താൽ കുറച്ച് കാലം നടി മാറി നിൽക്കാറുണ്ട്. ഈ ഇടവേളകൾ തനിക്ക് അനിവര്യമാണെന്നാണ് നിത്യ പറയാറുള്ളത്. മുൻനിര നായിക നടിമാർ കരിയറിൽ പിന്തുടരുന്ന രീതികളൊന്നും നിത്യ പിന്തുടരാറില്ല. താരമൂല്യം നോക്കി സിനിമ ചെയ്യാനോ, ​സൂപ്പർഹിറ്റ് സിനിമകളുടെ ഭാ​ഗമാകാൻ ചെറിയ വേഷങ്ങൾ ചെയ്യാനോ നിത്യ മേനോൻ തയ്യാറല്ല. എത്ര വലിയ സൂപ്പർതാരമാണെങ്കിലും തനിക്ക് കഥ ഇഷ്ടപ്പെട്ടാലേ നിത്യ ചെയ്യാറുള്ളൂ. ഇപ്പോഴിതാ താൻ കരിയറിൽ പിന്തുടരുന്ന ചില നിബന്ധനകളെക്കുറിച്ച് സംസാരിക്കുകയാണ് നിത്യ മേനോൻ.

ഇന്റിമേറ്റ് സീനുകളിൽ താൻ അഭിനയിക്കില്ലെന്ന് നിത്യ മേനോൻ പറയുന്നു. മമരാസി എന്ന മീ‍ഡിയക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ന​ഗ്നതയുള്ള സീനുകൾ എനിക്ക് നോൺ നെ​ഗോഷ്യബിൾ ആണ്. നോ പറയും. മറ്റൊരു രീതിയിൽ ഷൂട്ട് ചെയ്താലോ എന്തിനാണത് ഷൂട്ട് ചെയ്യുന്നതെന്ന് അറിയാമെങ്കിലോ കുഴപ്പമില്ല. വിൽക്കാൻ വേണ്ടി മാത്രം ചെയ്യുന്ന സീനുകളോട് തനിക്ക് താൽപര്യമില്ലെന്നും നിത്യ മേനോൻ വ്യക്തമാക്കി.

സിനിമയിൽ അതുണ്ട്, പക്ഷെ ഞാൻ ചെയ്യേണ്ടെങ്കിൽ പോലും ഞാൻ നോ പറയും. കേറ്ററിം​ഗ് ബിസിനസ് പോലെയുള്ള സിനിമകൾ എനിക്കിഷ്ടമല്ല. എന്താണ് നിങ്ങൾക്ക് വേണ്ടതെന്ന് ചോദിച്ച് അത് നൽകുന്ന സിനിമകൾ. ഹൃദയത്തിൽ നിന്ന് വരാത്ത, ജെനുവിൻ അല്ലാത്ത സിനിമകൾ തനിക്കിഷ്ടമല്ല. എത്ര പ്രധാനപ്പെട്ട റോൾ ആയാലും. ചില സമയത്ത് എനിക്ക് വളരെ നല്ല കഥാപാത്രങ്ങൾ ലഭിക്കും. പക്ഷെ സിനിമയിൽ കുറച്ച് മസാല ഉണ്ടെന്ന് തോന്നിയാൽ താൻ നോ പറയുമെന്നും നിത്യ മേനോൻ വ്യക്തമാക്കി.

കോടികൾ മുടക്കി നിർമ്മിക്കുന്ന ബി​ഗ് ബജറ്റ് സിനിമകൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്ന് നിത്യ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നൂറ് കോടി കൊണ്ട് രാജ്യത്തെ മാറ്റാം. ഒരു സിനിമയാണെടുക്കുന്നത്. അതിനിത്ര മാത്രം ചെലവിടേണ്ട കാര്യമില്ലെന്നും നിത്യ അന്ന് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *