റിവ്യൂവേഴ്‌സ് സ്‌പോയിലറുകൾ പ്രചരിപ്പിക്കാറില്ല, കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ ദേഷ്യമുണ്ട്, നിയമപരമായി മുന്നോട്ട് പോകും; ജോജു ജോർജ്

പണി സിനിമയ്‌ക്കെതിരെ വിമർശനാത്മകമായ റിവ്യൂ പങ്കുവെച്ച റിവ്യൂവറെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടനും ചിത്രത്തിന്റെ സംവിധായകനുമായ ജോജു ജോർജ്. ഇൻസ്റ്റഗ്രാം ലൈവിലൂടെയായിരുന്നു ജോജുവിന്റെ പ്രതികരണം. റിവ്യൂവേഴ്‌സ് ഒരു സിനിമയുടെ സ്‌പോയിലറുകൾ പ്രചരിപ്പിക്കാറില്ലെന്ന് ജോജു പറയുന്നു. ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ദേഷ്യമുണ്ട്. ഇത് ഒരു വിനോദമാണെങ്കിലും ജീവിത പ്രശ്‌നം കൂടെയാണ്. നിയമപരമായി മുന്നോട്ട് പോവുകതന്നെ ചെയ്യുമെന്നും ജോജു വിഡിയോയിൽ വ്യക്തമാക്കി.

ജോജുവിന്റെ വാക്കുകൾ

വളരെ അത്യാവശ്യമുള്ള കാര്യം പറയാനുണ്ട്. അതിനാലാണ് രാത്രി തന്നെ ലൈവ് വന്നത്. ഞാൻ ഭീഷണിപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് ഒരു ഫോൺകോൾ പ്രചരിക്കുന്നുണ്ട്. അത് ഞാൻ തന്നെ വിളിച്ചതാണ്. ദയവായി ഇപ്പോൾ പറയുന്ന കാര്യങ്ങൾ നല്ല അർഥത്തിൽ തന്നെ എടുക്കണം. ഒരുപാട് നെഗറ്റീവ് റിവ്യൂകൾ വന്നിട്ടുണ്ട്. അവരെ ആരെയും ഞാൻ വിളിച്ചിട്ടില്ല. അതെല്ലാം അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാൽ, ഈ വ്യക്തി ഒരു റിവ്യൂ കുറേ സ്ഥലത്ത് പങ്കുവെച്ചിട്ടുണ്ട്. പല ഗ്രൂപ്പുകളിലും റിവ്യൂ കോപ്പി പ്രചരിപ്പിച്ചു. കമന്റുകൾക്കടിയിൽ ഈ സിനിമ കാണരുത് എന്ന് എഴുതി. അഭിപ്രായ സ്വാതന്ത്ര്യമായി ബന്ധപ്പെട്ട വിഷയമല്ല ഞാൻ അദ്ദേഹത്തെ വിളിച്ച് സംസാരിച്ചത്. ഒരുപാട് സ്ഥലത്ത് ഒരേ റിവ്യൂ പങ്കുവയ്ക്കുന്നത് വ്യക്തമായ ഉദ്ദേശ്യത്തോടെയാണ്. ഒരു സിനിമയുടെ സ്‌പോയിലറുകൾ പ്രചരിപ്പിക്കുന്നത് റിവ്യൂവേഴ്‌സ് ചെയ്യാറില്ല.

ചിത്രത്തിലെ പ്രധാനപ്പെട്ട കാര്യം പറഞ്ഞാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. കരുതിക്കൂട്ടി ഇങ്ങനെ ചെയ്യുന്നതിൽ എനിക്ക് ദേഷ്യമുണ്ട്. ഇത് ഒരു വിനോദമാണെങ്കിലും ജീവിത പ്രശ്‌നം കൂടെയാണ്. നിയമപരമായി മുന്നോട്ട് പോവുകതന്നെ ചെയ്യും. എനിക്ക് ഒരുപാട് ശത്രുക്കളുണ്ട്. എന്നെ ഇഷ്ടമില്ലാത്തവരും എന്നോട് താത്പര്യമില്ലാത്തവരും. ഇതെല്ലാം വ്യക്തിപരമായി കാണിക്കാവുന്നതാണ്. എന്നാൽ, സിനിമ എന്റേതുമാത്രമല്ല. ഇത് വളരെ വേദനാജനകമാണ്, കാരണം അത്രയും വർക്ക് ചെയ്തിട്ടുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ കൂടെയുള്ള എല്ലാവരും നൂറു ശതമാനം പണിയെടുത്തു എന്നേ പറയാൻ പറ്റുള്ളൂ.’, ജോജു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *