നെപ്പോട്ടിസത്തിന്റെ അർത്ഥം ദയവായി പരിശോധിക്കൂ; ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കൂ: റിമ കല്ലിങ്കൽ

കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിർമയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ബോഗയ്‌ന്‍വില്ല എന്ന ചിത്രത്തിന്റെ ലിറിക് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്‌തു. പിന്നാലെ ജ്യോതിർമയിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്‌തിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചുകൊണ്ട് ജ്യോതിർമയിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് റിമ കല്ലിങ്കൽ. എന്നാൽ പോസ്റ്റിന് താഴെ ഒരാൾ വിമർശനവുമായി എത്തി. ഇതിന് റിമ കല്ലിങ്കൽ ചുട്ടമറുപടി തന്നെ നൽകി.

‘ആരാണ് ഇപ്പോൾ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നത്, എപ്പോഴത്തേയും പോലെ കാപട്യവും ഇരട്ടത്താപ്പും’ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഇതെങ്ങനെ നെപ്പോട്ടിസമാകുമെന്നായി റിമയുടെ ചോദ്യം. ‘അവർ സംവിധായകന്റെ ഭാര്യയല്ലേ, നെപ്പോട്ടിസത്തിന്റെ അർത്ഥം ദയവായി പരിശോധിക്കൂ. അതോടൊപ്പം 2023 ൽ പുറത്തിറങ്ങിയ നീലവെളിച്ചത്തിന്റെ സംവിധായകനും നായികയും ആരാണെന്നും പരിശോധിക്കൂ’- എന്നാണ് ആ വ്യക്തി മറുപടി നൽകിയത്.

അമൽ നീരദിന്റെ ഭാര്യ ആയതിനാലാണ് ജ്യോതിർമയിയെ ഈ സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന വിമർശനത്തിന് ആരുടെയെങ്കിലും ഭാര്യ ആകുന്നതിന് മുമ്പ് ജ്യോതിർമയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നായിരുന്നു റിമയുടെ മറുപടി.

അതേസമയം, ബോഗയ്‌ന്‍വില്ല അമൽ നീരദ് പ്രൊഡക്ഷൻസിന്റെയും ഉദയ പിക്ചേഴ്സിന്റെയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഒക്ടോബർ 17ന് സിനിമ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *