നാട്ടുവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസ്: ഒന്നാം പ്രതി ഷൈബിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ്

പാരമ്പര്യവൈദ്യന്‍ ഷാബാ ഷെരീഫ് വധക്കേസില്‍ ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫിന് 11 വര്‍ഷവും ഒന്‍പത് മാസവും തടവ് ശിക്ഷ. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറ് വര്‍ഷം, ഒന്‍പത് മാസം തടവ്, ആറാം പ്രതി നിഷാദിന് മൂന്ന് വര്‍ഷവും ഒന്‍പത് മാസവും തടവ് എന്നിങ്ങനെ മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി ശിക്ഷാ വിധി പ്രസ്താവിച്ചു. പ്രതികള്‍ പിഴയും ഒടുക്കണം. ഇവര്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ കോടതി കണ്ടെത്തിയിരുന്നു. ഒന്‍പത് പ്രതികളെ വെറുതെവിട്ടിരുന്നു. 2020 ഒക്ടോബര്‍ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂര്‍ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങള്‍ ലഭിക്കാതെ വിചാരണ പൂര്‍ത്തിയാക്കിയ കേരളത്തിലെ അപൂര്‍വം കൊലക്കേസുകളില്‍ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്‌ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിന്‍ അഷ്റഫും കൂട്ടാളിയും വീട്ടില്‍ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോര്‍ത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വര്‍ഷത്തില്‍ അധികം ഷൈബിന്റെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമര്‍ദനം തുടര്‍ന്നു. മര്‍ദനത്തിനിടെ 2020 ഒക്ടോബര്‍ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല.

മൃതദേഹ അവശിഷ്ടങ്ങള്‍ ലഭിക്കാതെ ശിക്ഷ വിധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിതെന്ന് പൊലീസ് പറഞ്ഞു. ഷാബാ ഷെരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി പുഴയില്‍ ഒഴുക്കുകയായിരുന്നു. തലമുടിയുടെ ഡിഎന്‍എ സാംപിള്‍ പരിശോധനയിലൂടെയാണ് അന്വേഷണ സംഘം കേസില്‍ നിര്‍ണായക മുന്നേറ്റം നടത്തിയത്. 2024 ഫെബ്രുവരിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 80 സാക്ഷികളെ വിസ്തരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *