താരമല്ലെങ്കില്‍ ബജറ്റിന്‍റെ പരിമിതിയുണ്ടാകുമെന്ന് ഷെയിൻ നിഗം

നക്ഷത്രപ്രഭയുള്ള യുവനടനാണ് ഷെയിന്‍ നിഗം. കിസ്മത്ത് എന്ന സിനിമയിലൂടെ തന്‍റെ സാന്നിധ്യമറിയിച്ച ഷെയിന്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെ മലയാളത്തിന്‍റെ യുവതാര പദവിയിലേക്ക് ഉയരുകയായിരുന്നു. ഓരോ സിനിമയിലും വ്യത്യസ്തനാകാൻ കൊതിക്കുന്ന നടനാണ് ഷെയിൻ. പ്രണയനായകനായി ലേബൽ ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ മറുപടി ആരാധകർ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്.

പ്രണയനായകനായി ഞാന്‍ എന്നെ ലേബല്‍ ചെയ്തിട്ടില്ല. മറ്റുള്ളവരാണല്ലോ ലേബല്‍ ചെയ്യുന്നത്. അതുകൊണ്ട്, ലേബലിങ്ങില്‍ എനിക്കു പ്രശ്‌നങ്ങളൊന്നുമില്ല. പിന്നെ ചെയ്യുന്ന പടങ്ങള്‍ക്ക് അനുസരിച്ചാണല്ലോ ലേബലിങ്. ഒരു ചിത്രം ഞാന്‍ തെരഞ്ഞെടുക്കുന്നതിനു പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ട്. അത് റിസള്‍ട്ട് മാത്രം പ്രതീക്ഷിച്ചല്ല. കുറെ കാര്യങ്ങള്‍ ചേര്‍ന്നുവരുമ്പോഴാണ് ഒരു സിനിമ ഉണ്ടാകുന്നത്.

ഒന്നിനെയും കാറ്റഗറൈസ് ചെയ്യരുതെന്നാണ് എന്‍റെ അഭിപ്രായം. ആളുകള്‍ എല്ലാവര്‍ക്കും ഓരോ ഐഡന്‍റിറ്റി നല്‍കും. എപ്പോഴും ഒരു ഫോം വേണം. ഞാന്‍ ഒന്നിനും ഫോം കൊടുത്തിട്ടില്ല. എനിക്ക് എല്ലാ അവസ്ഥയും എല്ലാ മനുഷ്യരും ഒന്നുപോലെയാണ്.

നടന്‍, താരം ഇതില്‍ ഞാന്‍ താരത്തിനെ തെരഞ്ഞെടുക്കും. കാരണം ഇപ്പോള്‍ നല്ല സിനിമ ചെയ്യാനും അത് ആളുകളിലേക്ക് പരമാവധി എത്താനും നല്ല ബജറ്റ് വേണം. താരമല്ലെങ്കില്‍ ബജറ്റിന്‍റെ പരിമിതിയുണ്ടാവും. ഉദ്ദേശിക്കുന്ന രീതിയില്‍ സിനിമ എടുക്കാന്‍ പറ്റില്ല. താരമാണെങ്കില്‍ ബജറ്റിന്‍റെ പ്രശ്‌നം വരില്ല. പിന്നെ താരമാകാന്‍ നല്ല നടന്‍ കൂടിയാകണം. താരമാകാന്‍ ആളുകളുടെ ഇഷ്ടം വേണം. അഭിനയത്തിലൂടെയാണ് ആ ഇഷ്ടം കിട്ടുന്നത്. താരപദവി നല്ല രീതിയില്‍ ഉപയോഗിക്കാനും കഴിയണം. താരമാകുക വലിയൊരു ഉത്തരവാദിത്തവും കൂടിയാണ്- ഷെയിൻ നിഗം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *