താന്‍ ചെയ്യാമെന്ന് മോഹന്‍ലാല്‍; ഡാം തുറന്നുവിട്ട ശക്തമായ ഒഴുക്കിലായിരുന്നു നരനിലെ രംഗങ്ങള്‍ ഷൂട്ട് ചെയ്തത്: മധു

അഭിനയം തുടങ്ങിക്കഴിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാതെ അധ്വാനിക്കുന്ന നടനാണ് മോഹന്‍ലാല്‍ എന്ന് മലയാളസിനിമയിലെ ഇതിഹാസ താരം മധു. ഒരിക്കലും മടി കാണിക്കില്ല. വില്ലന്‍ വേഷങ്ങളില്‍നിന്നും സഹകഥാപാത്രങ്ങളിലേക്കും തുടര്‍ന്ന് നായകവേഷങ്ങളിലേക്കും സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുമുള്ള ലാലിന്റെ യാത്ര മലയാള സിനിമയുടെ ചരിത്ര വളര്‍ച്ചയുടെ ഒരു ഘട്ടം കൂടിയായിരുന്നു. ഏതു രസവും ലാലിനു അനായാസമായി പകര്‍ന്നാടാന്‍ കഴിയുമെന്ന് അദ്ദേഹത്തിന്റ കഥാപാത്രങ്ങള്‍ നമുക്കു കാട്ടിത്തന്നു. ഒപ്പം മലയാളത്തിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ പല മാസ്റ്റേഴ്‌സിനുമൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ലാലിനുണ്ടായി.

ഭാഷയുടെ അതിര്‍വരമ്പുകള്‍പോലും ഭേദിച്ച ആ അഭിനയശൈലി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രേക്ഷകരെ അമ്പരപ്പിക്കുകയും ആനന്ദിപ്പിക്കുകയും അഴല്‍പ്പെടുത്തുകയും ചെയ്യുന്നുവെങ്കില്‍ മോഹന്‍ലാല്‍ എന്ന പ്രതിഭ അത്യപൂര്‍വമായ ഒരു ജന്മമാണെന്ന് പറയാതെവയ്യ. പരിചയപ്പെട്ട കാലംമുതല്‍ വല്ലാത്തൊരു സ്‌നേഹം ലാല്‍ എനിക്കു പകര്‍ന്നു നല്‍കിയിട്ടുണ്ട്. അത് അഭിനയിക്കുമ്പോള്‍പോലും ഉണ്ടായിട്ടുണ്ട്. എന്നോടു മാത്രമല്ല, മുതിര്‍ന്നവരോടും അല്ല, തന്നേക്കാള്‍ പ്രായം കുറഞ്ഞവരോടുപോലും ലാല്‍ എപ്പോഴും സ്‌നേഹത്തോടെ മാത്രമേ പെരുമാറുന്നതായി കണ്ടിട്ടുള്ളൂ. സെറ്റിലായാലും സൗഹൃദങ്ങളിലായാലും ലാലിന്റെ സംസാരം പല വിഷയങ്ങളിലൂടെയും കടന്നുപോകും. സിനിമയില്‍നിന്നാണ് തുടങ്ങുന്നതെങ്കില്‍ ആദ്ധ്യാത്മികതയിലും നാടകത്തിലാണെങ്കില്‍ സ്‌പോര്‍ട്‌സിലുമൊക്കെ ചെന്നവസാനിക്കുന്ന തരത്തിലായിരിക്കും ലാല്‍ സംസാരിക്കുക.

കഥാപാത്രത്തിനുവേണ്ടി എത്ര റിസ്‌കെടുക്കാനും ലാല്‍ തയാറാണ്. രംഗത്തിന്റെ പെര്‍ഫെക്ഷനുവേണ്ടി ചെയ്യുന്നതാണെങ്കിലും പലപ്പോഴും പരിക്കുകള്‍ പറ്റിയിട്ടുമുണ്ട്. എന്റെ അനുഭവത്തില്‍ പടയോട്ടം മുതല്‍ കാണിക്കുന്ന ധൈര്യം ഇപ്പോഴും ലാല്‍ കാണിക്കുന്നുണ്ട്. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച നരന്‍ എന്ന സിനിമയിലെ വെള്ളത്തിലുള്ള ഷോട്ട് അത്തരത്തിലുള്ള ഒന്നായിരുന്നു. ചെന്നൈയില്‍ നിന്നു വന്ന ഡ്യൂപ്പിന് നീന്തലറിയില്ലെന്നു പറഞ്ഞപ്പോള്‍ ലാല്‍ ആ രംഗം താന്‍ തന്നെ ചെയ്തുകൊള്ളാമെന്ന് പറഞ്ഞു. ഡാം തുറന്നുവിട്ടപ്പോഴുണ്ടായ ശക്തമായ ഒഴുക്കിലായിരുന്നു ആ രംഗം ഷൂട്ട് ചെയ്തത്. ആ ഒഴുക്കില്‍ മുതലയുടെയും പെരുമ്പാമ്പിന്റെയും കുഞ്ഞുങ്ങളും നീര്‍നായ്ക്കളുമെല്ലാം ഉണ്ടായിരുന്നു. ആ സിനിമയില്‍ ഒരൊറ്റ ഡ്യൂപ്പ് ഷോട്ടുപോലും ഉണ്ടായിരുന്നില്ല. ചിലപ്പോള്‍ ചെറിയ കാരണങ്ങള്‍ മതി സാരമായ പരിക്കുപറ്റാന്‍. ലാലിന് ഫൈറ്റ് എന്നും ഒരാവേശം തന്നെയാണ്. ഫൈറ്റ് ചെയ്തു തുടങ്ങിയാല്‍ ആ ആവേശത്തില്‍ ലാല്‍ അറിയാതെ ലയിച്ചുപോകും- മധു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *