ജീവിതത്തിൽ അച്ഛനും അമ്മയും നൽകുന്ന സ്നേഹം ഒരിക്കലും മറ്റുളളവർക്ക് നൽകാൻ സാധിക്കില്ല: തുറന്നുപറഞ്ഞ് നവ്യാ നായർ

ജീവിതത്തിൽ ഒറ്റപ്പെട്ടുപോകാൻ സാദ്ധ്യതകളേറെയാണെന്ന് തുറന്നുപറഞ്ഞ് നവ്യാ നായർ. സോളോ ട്രിപ്പുകൾ പോകാൻ തുടങ്ങിയതിനെക്കുറിച്ചും താരം പറഞ്ഞു. ജീവിതത്തിൽ അച്ഛനും അമ്മയും നൽകുന്ന സ്നേഹം ഒരിക്കലും മറ്റുളളവർക്ക് നൽകാൻ സാധിക്കില്ലെന്നും നവ്യ പറഞ്ഞു. അമ്മയുടെ ഫോണിലേക്ക് ഒരു വ്യക്തി വിളിച്ചതിനെക്കുറിച്ചും നടി പങ്കുവച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നവ്യ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘അമ്മയുടെ ഫോണിൽ ഒരു കോൾ വന്നു. അച്ഛന്റെ പ്രായമുളള വ്യക്തിയാണ് വിളിച്ചത്. അമ്മയോട് അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടു. അദ്ദേഹത്തിന്റെ ഭാര്യ മരിച്ചു. മക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്. മക്കൾ സാമ്പത്തികമായി സഹായിക്കാറുണ്ട്. അദ്ദേഹത്തിന് പെൻഷനുണ്ട്. വീട്ടിൽ പരിചരിക്കാൻ ഒരാളെ നിയമിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് ഗാന്ധി ഭവനിലേക്ക് താമസം മാറണമെന്നാണ് പറയുന്നത്. നിറയെ ആളുകൾ ഉളള സ്ഥലത്ത് താമസിക്കണമെന്നാണ് ആഗ്രഹം. ഒ​റ്റപ്പെടലാണ് കാരണം.

ഞാനും അമ്മയും കരഞ്ഞുപോകുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. ഒ​റ്റപ്പെടൽ കാരണം മാതാപിതാക്കൾ ഗാന്ധിഭവൻ പോലുളള സ്ഥലങ്ങളിൽ പോയാൽ മക്കൾക്ക് അത് വലിയ ക്ഷീണമാണ്. ഇതിൽ മക്കളെയും കു​റ്റം പറയാൻ പ​റ്റില്ല. അസുഖങ്ങൾ മക്കൾക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതി മക്കളോടൊപ്പം നിൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് അദ്ദേഹത്തിനുളളത്.

ഇത് എല്ലാ മനുഷ്യർക്കും ഉണ്ടാകുന്ന അവസ്ഥയാണ്. പണ്ട് കൂട്ടുകുടുംബമായതുകൊണ്ട് ഇത്തരത്തിലുളള പ്രശ്നങ്ങളില്ലായിരുന്നു. ഇതിൽ ആരുടെ പക്ഷത്ത് ചേരണമെന്ന് അറിയില്ല. ഇതുകേട്ടപ്പോൾ ഞാൻ എന്നെക്കുറിച്ച് ആലോചിച്ചു. ഞാൻ ജീവിതത്തിൽ ഒരു തവണ മാത്രമേ സോളോ ട്രിപ്പിന് പോയിട്ടുളളൂ. സ്വാതന്ത്ര്യത്തിന് വേണ്ടിയല്ല ഞാൻ ട്രിപ്പിന് പോയത്. ചെറുപ്പത്തിൽ ഷൂട്ടിന് പോകുമ്പോൾ അച്ഛനും അമ്മയും ഡ്രൈവറും അസിസ്​റ്റൻസും ഉണ്ടാകും. അങ്ങനെ എനിക്ക് സഹായത്തിനായി ഒരുപാട് ആളുകളുണ്ടായിരുന്നു. വിവാഹം കഴിഞ്ഞതോടെ അതെല്ലാം മാറിമറിഞ്ഞു. ഞാനും ഭർത്താവും മാത്രമായി. ഒ​റ്റപ്പെട്ടുപോയി. ഇപ്പോൾ ഞാൻ നാട്ടിലാണ്. ഒ​റ്റപ്പെടലില്ല.

നമ്മൾ മരണത്തിലേക്ക് അടുക്കുകയാണ്. ശാരീരികമായി പലതും നിയന്ത്രിക്കാൻ പ​റ്റാത്ത അവസ്ഥയുണ്ടാകും. അമ്മയും അച്ഛനും നൽകുന്ന സ്‌നേഹവും സംരക്ഷണവും മറ്റാർക്കും നൽകാൻ കഴിയില്ല. അവരില്ലെങ്കിൽ നമ്മൾ എങ്ങനെ അതിജീവിക്കും. ആ പേടി വന്നപ്പോഴാണ് ഞാൻ സോളോ ട്രിപ്പ് ചെയ്യാൻ തുടങ്ങിയത്. ഒ​റ്റപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് നമ്മൾ മനസിലാക്കണം.നമ്മളെ ആശ്രയിച്ച് ഒരുപാട് പേരുണ്ടെങ്കിൽ ഒ​റ്റപ്പെടില്ല. യാത്ര ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധാലുക്കലാകും. ഞാൻ വാർദ്ധക്യത്തിലെത്തുമ്പോൾ ഒ​റ്റപ്പെടുമോ ഇല്ലയോ എന്നറിയില്ല’- നവ്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *