‘കാണുമ്പോഴൊക്കെ എഴുന്നേറ്റ് നിൽക്കും, പിതാവിനോടുള്ള അതേ ബഹുമാനമാണ് എന്നോട്’; ഗോകുലിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്

സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷിനെക്കുറിച്ച് സംസാരിക്കുകയാണ് മമ്മൂട്ടി. ഗോകുലിന്റെ പിതാവിന്റെ സഹപ്രവർത്തകനായ തന്നോട്, ഗോകുലിന് പിതാവിനോടുള്ള അതേ ബഹുമാനമാണെന്നു മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ് സെറ്റിൽ വച്ച് തന്നെ എപ്പോൾ കണ്ടാലും ഗോകുൽ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുമെന്നും, എന്നാൽ നമ്മൾ ഒരുമിച്ച് അഭിനയിക്കുന്നവരല്ലേ ഇതിന്റെ ആവശ്യമൊന്നും ഇല്ലെന്നു താൻ പറയാറുണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്‌സ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും ഗോകുൽ സുരേഷും ഒരുമിച്ചെത്തിയത്.

‘ഗോകുലിന്റെ അച്ഛന്റെ സഹപ്രവർത്തകനാണ് ഞാൻ. അപ്പോൾ ഉറപ്പായും അവന് അച്ഛനോടുള്ള ബഹുമാനം എന്നോടും ഉണ്ടാകും. പക്ഷേ ആ ഒരു ബഹുമാനം സിനിമയിൽ കാണിക്കരുത് എന്ന് ഞാൻ പറഞ്ഞു. സെറ്റിലൊക്കെ വരുമ്പോൾ എന്നെ കാണുന്ന ഉടനെ എഴുന്നേറ്റ് നിന്ന് ഗോകുൽ ബഹുമാനിക്കും. അങ്ങനെയൊന്നും വേണ്ടെന്നു ഞാൻ പറഞ്ഞു. സാധാരണ പെരുമാറുന്ന രീതി തന്നെ മതിയെന്നാണ് ഞാൻ ഗോകുലിനോട് ആവശ്യപ്പെട്ടത്. ഗോകുൽ വളരെ നന്നായി അഭിനയിച്ചു. മികച്ച കോംബിനേഷൻ ആയിരുന്നു ഞങ്ങൾ. യാതാരുവിധ ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ല. ഗോകുലിന് എന്റെ കൂടെ അഭിനയിക്കുമ്പോൾ ഒരു എക്സൈറ്റ്മെന്റ് ഉണ്ട്. അത് സിനിമയിലും പ്രതിഫലിച്ചു. അതാണ് ആ കഥാപാത്രം അത്രയും സ്വീറ്റ് ആയത്. പുത്തൻ ബൈക്ക് ആണ് അവനു സിനിമയിൽ ഉപയോഗിക്കാൻ വാങ്ങി കൊടുത്തത്’, മമ്മൂട്ടി പറഞ്ഞു.

ഒരു പ്രൈവറ്റ് ഡിറ്റക്ടീവിന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത മലയാള ചിത്രമാണ് ഡൊമിനിക് ആൻഡ് ദ് ലേഡീസ് പേഴ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *