ഐഎഫ്എഫ്കെ വേദിയിൽ തിളങ്ങാൻ ‘കിഷ്കിന്ധാ കാണ്ഡം’; അഭിമാന നിമിഷമെന്ന് സംവിധായകന്‍

അമ്പത് കോടി ക്ലബ്ബില്‍ ഇതിനകം ഇടം പിടിച്ച ആസിഫ് അലി നായകനായെത്തിയ ‘കിഷ്‌കിന്ധാ കാണ്ഡം’ 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മേളയിലെ മലയാള സിനിമ ഇന്ന് വിഭാഗത്തിലാണ് ചിത്രം ഇടം പിടിച്ചത്. ഡിസംബര്‍ 13 മുതല്‍ 20 വരെയാണ് ഇക്കുറി ചലച്ചിത്ര മേള നടക്കുന്നത്. ’29-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഞങ്ങളുടെ ‘കിഷ്‌കിന്ധാ കാണ്ഡ’ത്തിന് ആദ്യത്തെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ലഭിച്ചുവെന്ന് പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്! എല്ലാവര്‍ക്കും നന്ദി’, ദിന്‍ജിത്ത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഗുഡ് വില്‍‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിച്ച്, ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’. ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വഹിച്ചിരിക്കുന്ന ചിത്രം ഇതിനകം തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിക്കഴിഞ്ഞിട്ടുണ്ട്. സിനിമയുടെ കഥ തന്നെയാണ് താരം എന്നാണ് ഏവരും ഒരേ സ്വരത്തില്‍ പറഞ്ഞിരിക്കുന്നത്.

അപര്‍ണ്ണ ബാലമുരളി നായികയായി എത്തിയിരിക്കുന്ന സിനിമയില്‍ വിജയരാഘവന്‍ സുപ്രധാന വേഷത്തിലുണ്ട്. ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും സിനിമയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *