ആഷിഖ് അബുവിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി നിർമാതാവ്; കിട്ടാനുള്ളത് രണ്ട് കോടിയിലധികം

സംവിധായകൻ ആഷിഖ് അബുവിനെതിരെ നിർമാതാവ് സന്തോഷ്‌ ടി കുരുവിള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകി. 2 കോടി 15 ലക്ഷം രൂപ ആഷിഖ് അബു തനിക്ക് നൽകാൻ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി. ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനിലും സന്തോഷ്‌ ടി കുരുവിള പരാതി നൽയിട്ടുണ്ട്. ചൊവ്വാഴ്ചയാണ് പരാതി നൽകിയത്. തുടർന്ന് ആഷിഖ് അബുവിനോട് നിർമാതാക്കളുടെ സംഘടന വിശദീകരണം തേടി.

ആഷിഖ് അബുവിന്റെ വിശദീകരണം വന്ന ശേഷം രണ്ട് പേരെയും ഒരുമിച്ചിരുത്തി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാനാണ് നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. നിലവിൽ നാരദൻ, മഹേഷിന്റെ പ്രതികാരം, മായാനദി എന്നീ മൂന്ന് സിനിമകളെച്ചൊല്ലിയാണ് തർക്കം നിലനിൽക്കുന്നത്.

ഇതിന്റെ വിതരണാവകാശം, മ്യൂസിക് റൈറ്റ്സ്, ലാഭവിഹിതം അങ്ങനെ പല വിഭാഗങ്ങളിലായി തനിക്ക് പൈസ ലഭിക്കാൻ ഉണ്ടെന്നാണ് സന്തോഷ് ടി കുരുവിളയുടെ പരാതി. സന്തോഷ് ടി കുരുവിളയുടെ മൂൺഷോട്ട് എൻ്റർടെയ്ൻമെൻ്റ്സ്, ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് ചേർന്നാണ് ഈ മൂന്ന് സിനിമകളും നിർമിച്ചത്.

ഇതിൽ മായാനദിയും മഹേഷിന്റെ പ്രതികാരവും ബോക്സ് ഓഫീസിൽ വലിയ നേട്ടമുണ്ടാക്കിയിരുന്നു. പ്രേക്ഷകരിൽ നിന്ന് മികച്ച അഭിപ്രായവും ഈ സിനിമകൾക്ക് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *