ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവ് ശാസ്ത്രലോകത്ത് വലിയ മാറ്റം കൊണ്ട് വന്നിട്ടുണ്ട്. വിവിധ പധനങ്ങളുടെ മുന്നേറ്റത്തിന് അത് വേഗം കൂട്ടിയിട്ടുണ്ട്. ഇപ്പോഴിതാ 2050-ഓടെ വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള ജീവിവര്‍ഗങ്ങളെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പ്രവചിച്ചിരിക്കുകയാണ് ഗവേഷകര്‍. ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ പുറത്തുവിട്ടിട്ടുള്ള പഠനങ്ങളും കണക്കുകളും പ്രകാരം 41,000 ജീവിവര്‍ഗങ്ങളാണ് നിലവില്‍ വംശനാശഭീഷണി നേരിടുന്നത്. ഈ പഠനങ്ങളുടെ അടിസ്ഥാനത്തില്‍, 2050-ഓടെ വംശനാശം സംഭവിക്കാന്‍ സാധ്യതയുള്ള ജീവിവര്‍ഗങ്ങളുടെ പട്ടിക തയ്യാറാക്കാനാണ് ഗവേഷകര്‍ എ.ഐ. ജെമിനൈയോട് ആവശ്യപ്പെട്ടത്.
വെറുതെ പറയുകയല്ല, ഇവ നശിക്കാനുള്ള കാരണങ്ങളും എ.ഐ. ജെമിനി വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുരുക്കം രൂക്ഷമാണ്. ഇതുമൂലം ആഹാരം കിട്ടാതെയാവും ധ്രുവക്കരടികള്‍ ഇല്ലാതാവുക. ഇണചേരാനും അടയിരിക്കാനും ഇടമില്ലാതാകുന്നതാവും പെന്‍ഗ്വിനുകളെ വംശനാശത്തിലേക്ക് നയിക്കുക. വനനശീകരണം രൂക്ഷമാകുന്നതുകാരണം ആവാസവ്യവസ്ഥ ഇല്ലാതാകുന്നതാണ് പടിഞ്ഞാറന്‍ ഗൊറില്ലകളെ ഇല്ലാതാക്കുന്നത്. ഇതിനിടെ സുമാത്രന്‍ കടുവകള്‍, ന്യൂസിലന്‍ഡിലെ കാകാപോ തത്തകള്‍, കൊമോഡോ ഡ്രാഗണുകള്‍, എന്നിവയാണ് സ്വാഭാവികമായ വംശനാശത്തിന് പാത്രമാവുക.