ഹൃദയമിടിപ്പ് തെറ്റുന്നതിന് 30 മിനിറ്റ് മുൻപ് മുന്നറിയിപ്പ്; എഐ മോഡലുമായി ​ഗവേഷകർ

ക്രമരഹതിതമായ ഹൃദയമിടിപ്പ് മുപ്പതു മിനിറ്റ് മുന്‍പ് തന്നെ പ്രവചിക്കാന്‍ കഴിയുന്ന എഐ മോഡല്‍ വികസിപ്പിച്ചെടുത്ത് ലക്സംബർഗ് സര്‍വകലാശാലയിലെ ഗവേഷകര്‍. WARN (വാണിങ് ഓഫ് ഏട്രിയൽ ഫൈബ്രിലേഷൻ) എന്നാണ് ഇതിന് ഗവേഷകര്‍ നൽകിയിരിക്കുന്ന പേര്. സാധാരണ കാര്‍ഡിയാക് റിഥത്തില്‍ നിന്ന് ഏട്രിയല്‍ ഫൈബ്രിലേഷനിലേക്ക് ഹൃദയമിടിപ്പ് മാറുന്നത് ഇവയ്ക്ക് പ്രവചിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. ഇത് 80 ശതമാനം കൃത്യമാണെന്ന് പഠനത്തിലൂടെ തെളിഞ്ഞിട്ടുള്ളതാണെന്ന് ഗവേഷകര്‍ അറിയിച്ചു. മോഡല്‍ വികസിപ്പിക്കുന്നതിനായി ചൈനയിലെ വുഹാനിലെ ടോങ്ജി ഹോസ്പിറ്റലിലെ 350 രോഗികളില്‍ നിന്ന് ശേഖരിച്ച 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റെക്കോര്‍ഡുകള്‍ ടീം പരീക്ഷിച്ചതായും ജേര്‍ണല്‍ പാറ്റേണ്‍സില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ മുന്നറിയിപ്പ് നല്‍കുന്നത്.

ഏട്രിയല്‍ ഫൈബ്രിലേഷന്‍ അനുഭവപ്പെടുന്നതിന് 30 മിനിറ്റ് മുന്‍പ് ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കുന്ന ആദ്യത്തെ രീതിയാണിതെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പല ലയറുകളിലൂടെ കടന്നു പോയതിന് ശേഷമാണ് എഐ മുന്നറിയപ്പ് നല്‍കുന്നത്. ആഴമേറിയ പഠനത്തിന് ഹൃദയമിടിപ്പ് ഡാറ്റ ഉപയോഗിച്ച് വ്യത്യസ്ത ഘട്ടങ്ങള്‍ മോഡലിനെ പരിശീലിപ്പിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചാണ് രോഗികള്‍ക്ക് അപകടസാധ്യതയുണ്ടോ എന്ന് വിലയിരുത്തുക.

കുറഞ്ഞ ചെലവില്‍ വികസിപ്പിക്കാവുന്നതിനാല്‍ വാണ്‍ നമ്മുക്ക് സ്മാര്‍ട്ട് ഫോണ്‍, സ്മാര്‍ട്ട് വാച്ച് എന്നിവയുമായി സംയോജിപ്പിക്കാവുന്നതാണ്. ഇവ രോഗികള്‍ ദിവസേന ഉപയോഗിക്കുന്നതിനാല്‍ ഫലങ്ങള്‍ തത്സമയം നിരീക്ഷിക്കാനും മുന്നറിയിപ്പു നല്‍കാനും സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *