ശനിയുടെ ഉപഗ്രഹങ്ങളിലൊന്നണ് എന്‍സെലാഡെസ്. എന്‍സെലാഡെസില്‍ ജീവനുണ്ടോ എന്ന് അന്വേഷിക്കാന്‍ നാസ തയാറെടുക്കുന്നു. ഇതിനായി അവര്‍ ഒരു പാമ്പിനെ സൃഷ്ടിച്ചിരിക്കുന്നു. സാധാരണ പാമ്പല്ല, ഒരു റോബോട്ട് പാമ്പ്! അമേരിക്കയുടെ നാഷണല്‍ എയ്‌റൊനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍-നാസ- ആണ് എന്‍സെലാഡെസ് പഠനത്തിനു പിന്നില്‍. നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയാണ് എക്‌സോബയോളജി എക്‌സ്റ്റന്റ് ലൈഫ് സര്‍വേയര്‍ (ഇഇഎല്‍എസ്) എന്നു പേരിട്ടിരിക്കുന്ന പാമ്പിന്റെ രൂപത്തിലുള്ള റോബോട്ടിനെ തയാറാക്കിയിരിക്കുന്നത്. പ്രതലങ്ങളില്‍ പാമ്പ് ഇഴയുന്നതുപോലെ തന്നെയാണ് റോബോട്ടിന്റെയും സഞ്ചാരം.
ജീവനെ തേടി ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസില്‍ വിന്യസിക്കാന്‍ ലക്ഷ്യമിടുന്ന റോബോട്ടിനു ഭൂമിക്കും ചന്ദ്രനുമപ്പുറത്തേക്കുമുള്ള വിവിധ പ്രതലങ്ങളില്‍ സ്വയം സഞ്ചരിക്കാന്‍ കഴിയും. ജീവന്റെ തുടിപ്പുകളുടെ അന്വേഷണവുമായി എന്‍സെലാഡസിലെത്തുന്ന റോബോട്ടിന്റെ ദൗത്യം വിജയകരമായിത്തീര്‍ന്നാല്‍ അതു മനുഷ്യരാശിക്കു വലിയ മുന്നേറ്റമായിരിക്കുമെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍. എന്‍സെലാഡസിലെ ഗെയ്‌സറുകള്‍ക്കു സമുദ്രത്തിന്റെ ഉപരിതലവുമായി സാമ്യമുണ്ടെന്നാണു പ്രതീക്ഷിക്കുന്നത്, ഇത് ഒരു റോബോട്ടിന്റെ സഞ്ചാരത്തെ ബാധിക്കുകയില്ലെന്നും ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയിലെ മാത്യു റോബിന്‍സണ്‍ പറഞ്ഞു. മറ്റ് റോബോട്ടുകള്‍ക്കു സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ എക്‌സോബയോളജി എക്‌സ്റ്റന്റ് ലൈഫ് സര്‍വേയറിനു കഴിയും. ചില റോബോട്ടുകള്‍ ഒരു പ്രത്യേകതരം ഭൂപ്രദേശങ്ങളില്‍ മാത്രം അനായാസം പ്രവര്‍ത്തിക്കുന്നതായിരിക്കും. അതേസമയം, എക്‌സോബയോളജി എക്‌സ്റ്റന്റ് ലൈഫ് സര്‍വേയറിന് അത്തരത്തിലുള്ള പരിധികളുണ്ടായിരിക്കില്ലെന്നും റോബിന്‍സണ്‍ പറഞ്ഞു. നമ്മള്‍ കണ്ടെത്തുന്നത് എന്താണെന്ന് അറിയാത്ത സ്ഥലങ്ങളിലേക്കു പോകുമ്പോള്‍ ഏത് അപകടസാധ്യതയും മറികടക്കാന്‍ കഴിവുള്ള റോബോട്ടിനെ വേണം അയയ്ക്കാന്‍. എക്‌സോബയോളജി എക്‌സ്റ്റന്റ് ലൈഫ് സര്‍വേയറിന് അപകടങ്ങളെ സ്വയം തിരിച്ചറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയുമെന്ന് റോബിന്‍സണ്‍.
റോബോട്ടിന് അഞ്ചു മീറ്റര്‍ നീളവും 100 കിലോഗ്രാം ഭാരവുമുണ്ട്. റോബോട്ടിന്റെ മുന്‍ഭാഗത്തു ഘടിപ്പിച്ചിരിക്കുന്ന കാമറയ്ക്കു ദൃശ്യങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്ക് അയയ്ക്കാന്‍ കഴിയും. മര്‍ദ്ദം, വൈദ്യുതചാലകത, മണ്ണിന്റെ താപനില തുടങ്ങിയവ രേഖപ്പെടുത്താനും റോബോട്ടിനു കഴിയും. 2024 അവസാനത്തോടെ റോബോട്ട് പ്രവര്‍ത്തനക്ഷമമാകും. ശനിയുടെ അടുത്തേക്കെത്താന്‍ ഏഴു മുതല്‍ പന്ത്രണ്ടു വര്‍ഷം വരെയെടുക്കും. ശനി ദൗത്യത്തിനു വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കാം. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ എന്‍സെലാഡസ് സന്ദര്‍ശിക്കാന്‍ നാസ പദ്ധതിയിടുന്നില്ല.