യു.എസ് നഗരങ്ങൾക്ക് ഭീഷണിയായ മിൽട്ടൺ ചുഴലിക്കാറ്റ് തീരം തൊട്ടിരിക്കുകയാണ്. ഫ്ലോറിഡയുടെ പടിഞ്ഞാറൻ തീരത്ത് സീസ്റ്റകീയിലാണ് ചുഴലിക്കാറ്റ് എത്തിയത്. ശക്തമായ കാറ്റും മഴയുമാണ് ഫ്ലോറിഡയിൽ അനുഭവപ്പെടുന്നത്. 160 കിലോമീറ്റർ വേഗതയിലാണ് കാറ്റഗറി 3 ചുഴലിക്കാറ്റായി മിൽട്ടണ്‍ കര തൊട്ടത്. 205 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മുൻകരുതലിന്റെ ഭാഗമായി ഫ്ലോറിഡയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെയാണ് മേഖലയിൽനിന്ന് ഒഴിപ്പിച്ചിരിക്കുന്നത്.
Timelapse flying by Hurricane Milton about 2 hours ago.
1/6400 sec exposure, 14mm, ISO 500, 0.5 sec interval, 30fps pic.twitter.com/p5wBlC95mx
— Matthew Dominick (@dominickmatthew) October 8, 2024
ഫ്ലോറിഡയിലെ പ്രധാന നഗരമായ ടമ്പ ബേയിൽ അതീവ ജാഗ്രത പുലര്‍ത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആറ് വിമാനത്താവളങ്ങൾ അടച്ചു. രണ്ടായിരത്തോളം വിമാന സർവീസുകള്‍ റദ്ദാക്കി. വെള്ളപ്പൊക്കത്തിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
മിൽട്ടൺ ചുഴലിക്കാറ്റിന്റെ ബഹിരാകാശത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തിയിരിക്കുകയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന നാസയുടെ ഗവേഷകനായ മാത്യു ഡൊമിനിക്ക്. ബഹിരാകാശ നിലയത്തിന്റെ ജാലകത്തിലൂടെയുള്ള ടൈംലാപ്സ് വിഡിയോയാണ് ഡൊമിനിക്ക് പങ്കുവെച്ചത്. ഫ്ലോറിഡയിലും പരിസര പ്രദേശങ്ങളിലും കനത്ത നാശം വിതച്ച ഹെലീൻ ചുഴലിക്കൊടുങ്കാറ്റിന് പിന്നാലെയാണ് മിൽട്ടണും എത്തിയത്. അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിച്ച ഹെലീൻ 160ലധികം മനുഷ്യ ജീവൻ കവർന്നിരുന്നു. 2005ലെ റീത്ത ചുഴലിക്കാറ്റിനുശേഷം ഏറ്റവും പ്രഹരശേഷിയുള്ള കൊടുങ്കാറ്റായിരിക്കും മിൽട്ടണ്‍ എന്നാണ് പ്രവചനം.