മഹീന്ദ്രയുടെ ഇലക്ട്രിക് എക്‌സ്.യു.വി 400 വിപണിയിൽ എത്തുന്നു

ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്രയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വി. മോഡലായ എക്സ്.യു.വി.400 സെപ്റ്റംബർ എട്ടിന് ഇന്ത്യയിൽ അവതരിപ്പിക്കും. നിരത്തുകളിൽ എത്തുന്നതിന് മുന്നോടിയായി ഈ വാഹനത്തിന്റെ വരവറിയിച്ചുള്ള ടീസർ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുകയാണ് നിർമാതാക്കളായ മഹീന്ദ്ര. 15 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് മഹീന്ദ്ര പങ്കുവെച്ചിരിക്കുന്നത്.

ഈ വർഷത്തെ ലോക ഇലക്ട്രിക് വാഹനദിനത്തിൽ ചെലവ് വെളിപ്പെടുത്തുകയാണ്. ‘അത് ഇലക്ട്രിക്കാണ്. കൂടുതൽ അറിയാൻ ഇവിടെ തന്നെ തുടരുക’ എന്ന കുറിപ്പോടെയാണ് മഹീന്ദ്ര എക്സ്.യു.വി 400-ന്റെ ടീസർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മുഖഭാവത്തിന്റെ ഡിസൈൻ വെളിപ്പെടുത്തുന്നതാണ് ടീസർ. മഹീന്ദ്രയുടെ എസ്.യു.വികളിൽ അടുത്തിടെ സ്ഥാനം പിടിച്ച പുതിയ ലോഗോ, എക്സ് മോട്ടിഫ് ഗ്രില്ല്, എൽ.ഇ.ഡി. ഹെഡ്ലാമ്പും ഡി.ആർ.എല്ലുമാണ് ടീസർ വീഡിയോയിലെ ഹൈലൈറ്റ്.

റെഗുലർ വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി എക്സ് ഡിസൈൻ നൽകി പൂർണമായും അടഞ്ഞിരിക്കുന്ന ഗ്രില്ലാണ് ഇതിലുള്ളത്. ഹെഡ്ലൈറ്റും ഡി.ആർ.എല്ലും ഈ വാഹനത്തിന്റെ റെഗുലർ പതിപ്പായ എക്സ്.യു.വി 300-ൽ നിന്ന് കടമെടുത്തതാണ്. പിൻഭാഗം ഉൾപ്പെടെയുള്ള മറ്റ് ഡിസൈൻ ഫീച്ചറുകളിൽ സസ്പെൻസ് നിലനിർത്തിയിട്ടുമുണ്ട്. അതേസമയം, റെഗുലർ വാഹനങ്ങളിൽ ഫ്യുവൽ ലിഡ് നൽകുന്ന സ്ഥാനത്താണ് ഈ വാഹനത്തിന്റെ ഇലക്ട്രിക് ചാർജിങ്ങ് സ്ലോട്ട് നൽകിയിട്ടുള്ളത്.

ഒറ്റത്തവണ ചാർജ് ചെയ്താൽ 450 കിലോ മീറ്റർ സഞ്ചരിക്കാൻ ശേഷിയുള്ള ബാറ്ററി പാക്ക് ആയിരിക്കും എക്സ്.യു.വി.400-ൽ നൽകുക. ഇതിനൊപ്പം 150 ബി.എച്ച്.പി. പവർ ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക് മോട്ടോറും ഇതിൽ നൽകും. വേരിയന്റുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തമായ ബാറ്ററി പാക്കുകൾ നൽകിയേക്കുമെന്നും സൂചനകളുണ്ട്. മെക്കാനിക്കൽ ഫീച്ചറുകൾ സംബന്ധിച്ചുള്ള കൃത്യമായ വിവരം സെപ്റ്റംബർ എട്ടിന് നടക്കുന്ന അവതരണ വേളയിലായിരിക്കും പ്രഖ്യാപിക്കുകയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *