മനുഷ്യന് സൂപ്പര്‍പവര്‍…!; മൂന്നാമത്തെ രോഗിയിലും ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിച്ചതായി ഇലോണ്‍ മസ്‌ക്

മനുഷ്യന് സൂപ്പർ പവർ വേണമെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തികളിലൊരാളാണ് കോടീശ്വരനായ ഇലോണ്‍ മസ്‌ക്. അതിനാലാണ് ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫെയ്സ് ഉപകരണമായ ന്യൂറാലിങ്ക് ശ്രദ്ധനേടുന്നതും.

ഇപ്പോഴിതാ ഒരു മനുഷ്യനില്‍ കൂടി ന്യൂറാലിങ്ക് സ്ഥാപിച്ചതായി പറയുകയാണ് മസ്‌ക്. ഇത് മൂന്നാം തവണയാണ് മനുഷ്യരില്‍ ന്യൂറാലിങ്ക് സ്ഥാപിക്കുന്നത്. മസ്തിഷ്‌കവും കമ്പ്യൂട്ടറും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം ലക്ഷ്യമിട്ട് മസ്‌ക് തുടക്കമിട്ട ബ്രെയിന്‍ ടെക്നോളജി സ്റ്റാര്‍ട്ടപ്പ് ആണ് ന്യൂറാലിങ്ക്. ഇവര്‍ വികസിപ്പിച്ച ‘ടെലിപ്പതി’ എന്ന ഉപകരണം തലച്ചോറില്‍ ഘടിപ്പിച്ച് രോഗികള്‍ക്ക് അവരുടെ ചിന്തകളിലൂടെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനാവും. മനുഷ്യ മസ്തിഷ്‌കത്തില്‍ സ്ഥാപിക്കുന്ന അടുക്കിവെച്ച അഞ്ച് നാണയങ്ങളുടെ വലുപ്പമുള്ള ഉപകരണമാണിത്. മനുഷ്യന്റെ കഴിവുകള്‍ക്ക് സൂപ്പര്‍ചാര്‍ജ് നല്‍കുക, എഎല്‍സ്, പാര്‍ക്കിന്‍സണ്‍സ് പോലുള്ള ന്യൂറോളജിക്കല്‍ രോഗങ്ങള്‍ ചികിത്സിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

അരിസോണ സ്വദേശിയായ നോളണ്ട് ആര്‍ബോ എന്നയാളിലായിരുന്നു ആദ്യത്തെ ന്യൂറാലിങ്ക് പരീക്ഷണം. ഈ വര്‍ഷം ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാനാണ് പദ്ധതി. ഇതുവരെ ന്യൂറാലിങ്ക് ഘടിപ്പിച്ച മൂന്ന് പേരും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതായാണ് മസ്‌ക് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *