പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കാന്‍ പേടിഎമ്മിന് അനുമതി

പേടിഎം ബ്രാന്‍ഡ് കൈകാര്യം ചെയ്യുന്ന വണ്‍97 കമ്മ്യൂണിക്കേഷന്‍സിന് പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് അനുമതി. പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നതിനെതിരെയുള്ള റിസര്‍വ് ബാങ്കിന്റെ വിലക്ക് വന്ന് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് പേടിഎമ്മിന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്ന് ആശ്വാസ നടപടി ഉണ്ടായത്. എന്‍പിസിഐയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും പേയ്മെന്റ് സര്‍വീസ് പ്രൊവൈഡര്‍ ബാങ്കുമായുള്ള കരാറിനും വിധേയമായാണ് അനുമതി നല്‍കിയത്.

പുതിയ യുപിഐ ഉപയോക്താക്കളെ ചേര്‍ക്കുന്നതിന് കമ്പനിക്ക് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി എക്‌സ്‌ചേഞ്ച് ഫയലിങ്ങിലൂടെയാണ് പേടിഎം അറിയിച്ചത്. പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതിനുള്ള അംഗീകാരം കമ്പനിയുടെ യുപിഐ ഇടപാടുകളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമാകും എന്ന പ്രതീക്ഷയിലാണ് കമ്പനി. വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ ഉപ സ്ഥാപനമായ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ജനുവരിയിലാണ് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ക്രമക്കേടുകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റിസര്‍വ് ബാങ്ക് നടപടി.പുതിയ ഉപയോക്താക്കളെ ചേര്‍ക്കുന്നതിനുള്ള വിലക്കിന്റെ പശ്ചാത്തലത്തില്‍ പേടിഎമ്മിന്റെ യുപിഐയിലെ വിപണി വിഹിതം ജനുവരിയിലെ 13 ശതമാനത്തില്‍ നിന്ന് സെപ്റ്റംബറില്‍ 7 ശതമാനമായി കുറഞ്ഞിരുന്നു. അതിനിടെ മാര്‍ച്ചില്‍ യുപിഐയില്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ ആയി പ്രവര്‍ത്തിക്കാന്‍ റിസര്‍വ് ബാങ്ക് കമ്പനിയെ അനുവദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *