ഡാര്‍വിനെ ഏറ്റെടുത്ത് ആപ്പിൾ, എഐ മത്സരത്തിലേക്ക് ആപ്പിളും

ഡാര്‍വിന്‍ എഐയെ ഏറ്റെടുത്ത് ആപ്പിൾ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രം​ഗത്തേ മത്സരത്തിലേക്ക് ആപ്പിൾ നേരിട്ട് ഇതുവരെ കടന്നുവന്നിട്ടില്ല. എന്നാൽ അതിനുള്ള തയാറെടുപ്പുകൾ അണിയറയിൽ നടക്കുന്നുണ്ടെന്നാണ് വിവരം. അതിന്റെ ഭാ​ഗമായി ഡാര്‍വിന്‍ എഐ എന്ന കനേഡിയന്‍ എഐ സ്റ്റാര്‍ട്ടപ്പിനെ ആപ്പിൾ ഏറ്റെടുത്തുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഈ വർഷം തന്നെ തീരുമാനമുണ്ടാകും. എഐയ്ക്ക് വേണ്ടിയുള്ള കഠിനമായ പരിശ്രമത്തിലാണ് ആപ്പിളെന്ന് ഫെബ്രുവരിയില്‍ കമ്പനി മേധാവി ടിം കുക്ക് വെളിപ്പെടുത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ ആപ്പിളിന്റെ എഐ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തു വിടുമെന്നാണ് കരുതുന്നത്.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ കണ്ടറിയാനാവുന്ന എഐ പ്രോഗ്രാം സ്വന്തമായി വികസിപ്പിച്ച സ്ഥാപനമാണ് ഡാര്‍വിന്‍ എഐ. ഡാര്‍വിന്‍ എഐയെ മാത്രമല്ല, കമ്പനിയിലെ നിരവധി ജീവനക്കാരെയും ആപ്പിള്‍ ഏറ്റെടുത്തുവെന്നാണ് ബ്ലൂംബെര്‍ഗിലെ മാര്‍ക്ക് ഗുര്‍മന്‍ റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ആപ്പിള്‍ ഏറ്റെടുക്കുന്ന ആദ്യ എഐ സ്ഥാപനമല്ല ഡാര്‍വിന്‍ എഐ. 2023 ല്‍ 30 ലേറെ എഐ സ്റ്റാര്‍ട്ടപ്പുകളെ ആപ്പിള്‍ ഏറ്റെടുത്തിട്ടുണ്ടെന്നാണ് 9 ടു 5 മാക്ക് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അത് ഗൂഗിളും മെറ്റയും മൈക്രോസോഫ്റ്റും ഏറ്റെടുത്ത കമ്പനികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതു കൂടാതെ ചാറ്റ് ജീപിടിയേയും ജെമിനിയേയും പോലെ ആപ്പിളിന് സ്വന്തമായി എഐ ചാറ്റ്‌ബോട്ട് നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്നും അവ ആപ്പിള്‍ ഉപകരണങ്ങളില്‍ അവതരിപ്പിക്കുമെന്നും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *