ട്വിറ്റര്‍ തലതിരിഞ്ഞു പോയി; മുന്നറിയിപ്പുമായി ബിബിസി

ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. കുട്ടികളെ ചൂഷണം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, ആളുകളെ അധിക്ഷേപിക്കല്‍, ട്രോളുകളുണ്ടാക്കല്‍ അങ്ങനെയെന്തും ട്വിറ്ററില്‍ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബിബിസി പറയുന്നത്. 

എലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം സ്ത്രീവിരുദ്ധത അടങ്ങിയ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്ന തരത്തിലുള്ള പ്രൊഫൈലുകള്‍ ട്വിറ്ററില്‍ കൂടിയിട്ടുണ്ട്. ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് സംരക്ഷണം ഒരുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ട്വിറ്ററിപ്പോള്‍. ഇത്തരം ഫീച്ചറുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാത്തതാണ് കാരണം. മുന്‍പ് ഉപഭോക്താക്കളുടെ സമൂഹമാധ്യമ ഇടപെടല്‍ മാന്യമായ രീതിയിലാണെന്ന് ഉറപ്പാക്കുന്നതിനായി കര്‍ശന പെരുമാറ്റ ചട്ടങ്ങളും അതിന് സഹായമാകുന്ന ഫീച്ചറുകളും കൊണ്ടുവന്ന കമ്പനിയാണ് ട്വിറ്റര്‍. 

പക്ഷേ നേരത്തെ ട്വിറ്റര്‍ മസ്കിന്റെ കൈയ്യിലായതോടെ സംഗതിയാകെ മാറി. ടെക് ലോകം കണ്ട കൂട്ടപിരിച്ചുവിടലില്‍ നിരവധി ജീവനക്കാരാണ് തൊഴില്‍രഹിതരായത്. നഡ്ജ് ബട്ടണ്‍ ട്വിറ്ററിന്റെ പ്രത്യേകതകളില്‍ ഒന്നായിരുന്നു. ഒരാള്‍ ഒരു സന്ദേശം പോസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ മോശം പദപ്രയോഗങ്ങളോ വാക്കുകളോ ഉണ്ടെങ്കില്‍ അവ കണ്ടെത്തി പോസ്റ്റ് ഉടമയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന ഫീച്ചറാണ് നഡ്ജ് ബട്ടണ്‍. 60 ശതമാനത്തോളം വരുന്ന ട്രോളുകളെയും അനാവശ്യ പോസ്റ്റുകളെയും നിയന്ത്രിച്ചിരുന്നത് ഈ സംവിധാനത്തിലൂടെയാണ്. ട്വിറ്ററില്‍ നിന്ന് ആദ്യം ജോലി നഷ്ടമായതും ഈ സംവിധാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ്. 

Leave a Reply

Your email address will not be published. Required fields are marked *