ചന്ദ്രയാൻ-3 ഭ്രമണപഥം താഴ്ത്തൽ വിജയം, ചന്ദ്രന്റെ ദൃശ്യം പുറത്ത്

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) അറിയിച്ചു.

ഭ്രമണപഥത്തിൽ പ്രവേശിച്ചതിനുപിന്നാലെ പേടകത്തിലെ ക്യാമറ പകർത്തിയ ചന്ദ്രന്റെ ദൃശ്യം ഐ.എസ്.ആർ.ഒ ഞായറാഴ്ച പുറത്തുവിട്ടു. 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോദൃശ്യത്തിൽ ചന്ദ്രോപരിതലത്തിലെ ഗർത്തങ്ങൾ വ്യക്തമാണ്. ശനിയാഴ്ചയാണ് ചന്ദ്രയാൻ-3 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയത്. വരുംദിവസങ്ങളിൽ വിവിധഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തി 17-ന് പേടകത്തെ ചന്ദ്രോപരിതലത്തിൽനിന്ന് 100 കിലോമീറ്റർ ഉയരത്തിലെത്തിക്കും. 23-ന് വൈകീട്ട് 5.47-നാണ് പേടകത്തിന്റെ ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്. ബെംഗളൂരു ഇസ്ട്രാക്കിലെ മിഷൻ ഓപ്പറേഷൻസ് കോംപ്ലക്‌സിൽനിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *